Breaking News

തീപിടുത്തമുണ്ടായ വാന്‍ഹായി കപ്പലിനെ കെട്ടിവലിക്കാന്‍ നേരിട്ട് ഇടപെട്ട് നാവികസേന

Spread the love

തീപിടുത്തമുണ്ടായ വാന്‍ഹായി കപ്പലിനെ കെട്ടിവലിക്കുന്നതില്‍ നേരിട്ട് ഇടപെട്ട് നാവികസേന. ടഗ് കപ്പല്‍ ഉടമകള്‍ ചോദിച്ച വാടക നല്‍കാന്‍ ആകില്ല എന്ന വാന്‍ഹായി കപ്പല്‍ ഉടമകള്‍ നിലപാടെടുത്തിരുന്നു. ഇതോടെയാണ് ഐഎന്‍എസ് ശാരദയുമായി നാവികസേന രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ കാറ്റില്‍ നീങ്ങിക്കൊണ്ടിരുന്ന കപ്പലിനെ ഇപ്പോള്‍ നിയന്ത്രണ വിധേയമാക്കിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം കപ്പലിനെ ടഗ് ബോട്ടുമായി ബന്ധിപ്പിച്ചിരുന്നെങ്കിലും കപ്പലില്‍ നിന്നും കെട്ടിയ വടം പൊട്ടിയത് പ്രതിസന്ധിയായിരുന്നു. കപ്പല്‍ കൊച്ചി തീരത്തു നിന്നും 22 നോട്ടിക്കല്‍ മൈല്‍ അടുത്ത് എത്തി. ഇതോടെയാണ് ഐ എന്‍ എസ് ശാരദയുമായി നേവി രംഗത്ത് എത്തിയത്. ഓഫ് ഷോര്‍ വാരിയര്‍ എന്ന ടഗ് എത്തിച്ചാണ് നാവിക സേന കപ്പലിനെ കെട്ടിവലിക്കുന്നത്. ശക്തമായ കാറ്റിലും ഒഴുക്കിലും കപ്പല്‍ 2.78 കിലോമീറ്റര്‍ വേഗത്തിലാണ് ഒഴുകിയിരുന്നത്. നിലവില്‍ കപ്പല്‍ നിയന്ത്രണത്തിലെന്ന് നാവിക സേന അറിയിച്ചു.

അതേസമയം, കേരളതീരത്തെ കപ്പല്‍ അപകടങ്ങളില്‍ ഹൈക്കോടതി ഇടപെടുകയും അമിക്കസ് ക്യൂരിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകനായ അര്‍ജുന്‍ ശ്രീധരനെയാണ് അമിക്കസ് ക്യൂരിയായി ഹൈക്കോടതി നിയമിച്ചത്. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയതും, കണ്ണൂര്‍ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചതുമായ വിഷയങ്ങളാകും അമിക്കസ് ക്യൂരിയുടെ പരിഗണനയില്‍ വരിക.

You cannot copy content of this page