Breaking News

വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം; ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രനെ സസ്‌പെന്റ് ചെയ്‌തു

Spread the love

വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.

രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ ആക്ഷേപിച്ചത് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ എ എന്നയാളാണ്. ഇയാൾ മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടു. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരനെതിരെ മോശം പരാമർശം നടത്തിയതിന് സസ്പെൻഷനിലായിരുന്നു. ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന നേതാവാണ്. വിവാദമായതോടെ ഇയാൾ കമൻ്റ് പിൻവലിച്ചു. വിഷയത്തിൽ റവന്യൂ വകുപ്പ് നടപടി എടുക്കുന്നതിന് കാസർകോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

അതേസമയം അപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. അതിനായി രജ്ഞിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും. തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക.

സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്.

You cannot copy content of this page