വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ മരണം 34. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം രൂക്ഷമാണ്. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചു. അസമില്‍ 10000ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.അരുണാചല്‍പ്രദേശില്‍ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി.
അസം, ത്രിപുര, മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതിയില്‍ 34 പേര്‍ മരിച്ചത്. അസമിലെ 19 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മേഘാലയിലെ 10 ജില്ലകളില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ചു. മണിപ്പൂരിലും അരുണാചല്‍പ്രദേശിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
മണിപ്പൂരിലും അസമിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ബ്രഹ്‌മപുത്ര , കടഖല്‍, ബരാക് ഉള്‍പ്പെടെ നദികള്‍ അപകടനിലയ്ക്ക് മുകളില്‍ ഒഴുകുകയാണ്.മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെയും സേനാപതിയിലും അസമിലെ സില്‍ചറിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
അരുണാചല്‍ പ്രദേശിലെ ലോവര്‍ ദിബാംഗ് താഴ്വരയില്‍ കുടുങ്ങിയവരെ 14 പേരെയും സിക്കിമില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിയ വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്തി. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. പ്രളയബാധിത മേഖലകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കി.