രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ സന്ദർശിച്ചത് തെറ്റെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അൻവറുമായി ഇനി ചർച്ച ഇല്ലെന്ന് നേതൃത്വം പറഞ്ഞശേഷം രാഹുൽ പോകാൻ പാടില്ലായിരുന്നു. രാഹുലിന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണെന്നും പിജെ കുര്യൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ അങ്ങനെ ചര്‍ച്ച ചെയ്യാന്‍ പോകാൻ പാടില്ലായിരുന്നുവെന്ന് പിജെ കുര്യൻ പറഞ്ഞു. സ്ഥാനാർഥിയെ അംഗീകരിക്കാത്ത അൻവറിനെ യുഡിഎഫിന് വേണ്ടെന്ന് പിജെ കുര്യൻ പറഞ്ഞു. ഏതു മുന്നണി അങ്ങനെ ഒരാളെ സ്വീകരിക്കുമെന്ന് അദേഹം ചോദിച്ചു. അൻവറിന് രാഷ്ട്രീയ തിരിച്ചറിവില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്നും പി ജെ കുര്യൻ വ്യക്തമാക്കി.
പിവി അൻവറിന്റെ വീട്ടിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ ഒരു മണിക്കൂറോളം ചർച്ച നടത്തിയതാണ് രാഷ്ട്രീയ വിവാദമായത്. യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അതിരൂക്ഷ വിമർശനമാണ് അൻവർ നടത്തിയിരുന്നത്. അൻവറുമായി ഇനി ചർച്ചയില്ലെന്ന് യുഡിഎഫ് നേതൃത്വവും തീരുമാനമെടുത്തു. ഇതിന് പിന്നാലെയാണ് രാത്രി രാഹുൽ മാങ്കൂട്ടത്തിൽ അൻവറിൻ്റെ വീട്ടിലെത്തിയത്.