Breaking News

ആണവോർജ്ജ മേഖലയിൽ സ്വകാര്യനിക്ഷേപം; നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രസർക്കാർ

Spread the love

ആണവോർജ്ജ മേഖലയിൽ നിർണായക നിയമ ഭേദഗതിക്ക് ഒരുങ്ങാൻ കേന്ദ്രസർക്കാർ. രണ്ട് ഭേദഗതികൾ ആകും നിലവിലെ നിയമത്തിൽ വരുത്തുക.ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനായും ന്യൂക്ലിയർ ലയബിലിറ്റി വ്യവസ്ഥയിൾ ഇളവ് വരുത്താനുമുള്ള ഭേദഗതികൾ വരുത്തും.വരുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ ഇത് അവതരിപ്പിച്ചേക്കും.

രാജ്യത്തെ ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും വിദേശ നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നീക്കം. നിലവിലെ ആണവോർജ നിയമത്തിലെ രണ്ട് വ്യവസ്ഥകൾ ഭേദഗതി ചെയ്തേക്കും. ആദ്യമായി ന്യൂക്ലിയർ ലയബിലിറ്റി വ്യവസ്ഥയിൽ മാറ്റം വരുത്തും.ആണവ അപകടമുണ്ടായാൽ ഉപകരണങ്ങൾ നൽകിയ കമ്പനി നഷ്ടപരിഹാരം നൽകുന്നതിൽ നേരിയ ഇളവ് ഇതിലൂടെ കൊണ്ട് വരും. ഉപകരണങ്ങൾ വിതരണം ചെയ്തു ഒരു നിശ്ചിത കാലംവരെ അപകടമുണ്ടായാൽ ഉത്തരവാദിത്വം കമ്പനിയുടെതായിരിക്കും എന്ന തരത്തിൽ ഒരു സമയപരിധി നിശ്ചയിച്ചുകൊണ്ട് വ്യവസ്ഥയിൽ ഭേദഗതി വരുത്താനാണ് നീക്കം. രണ്ടാമതായി ആണവനിലയങ്ങളുടെ പ്രവർത്തനങ്ങൾക്കായി സ്വകാര്യ മേഖലയ്ക്ക് അവസരം നൽകാനും കേന്ദ്രസർക്കാർ പദ്ധതിയിടുന്നു.ആണവ മേഖലയിൽ കൂടുതൽ വിദേശനിക്ഷേപം ഉറപ്പാക്കാനാണ് നിയമഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ വാണിജ്യസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും ഇന്ത്യക്കുണ്ട്.ഇന്ത്യ അമേരിക്ക ആണവ കരാർ ഒപ്പിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം. വിദേശ നിക്ഷേപങ്ങൾക്ക് നിയമപരമായ തടസ്സങ്ങൾ പരിഹരിക്കുന്നതിന് ഈ രണ്ട് ഭേദഗതികളിലൂടെ സാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.

You cannot copy content of this page