Breaking News

കേരളത്തിന്റെ മൂന്നാം വന്ദേഭാരത് പ്രതിസന്ധിയിൽ; എറണാകുളം – ബെം​ഗളുരു റൂട്ടിൽ ഓടില്ലെന്ന് വിവരം

Spread the love

തിരുവനന്തപുരം: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ അടുത്തമാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എറണാകുളം ബെം​ഗളുരു റൂട്ടിലായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക എന്ന് ഏതാണ്ട് ഉറപ്പായതായിരുന്നു. തിരുവനന്തപുരം – കോയമ്പത്തൂർ റൂട്ടും റയിൽവെയുടെ പരി​ഗണനയിലുണ്ടായിരുന്നെങ്കിലും എറണാകുളം ബെം​ഗളുരു റൂട്ട് തന്നെയാണ് അധികൃതരുടെ പ്രഥമ പരിഗണയിൽ ഉണ്ടായിരുന്നത്. എന്നാൽ മൂന്നാം വന്ദേഭാരത് കേരളത്തിലെ മറ്റൊരു റൂട്ടിലേക്ക് മാറ്റും.

 

ബംഗളുരു – എറണാകുളം അന്തര്‍സംസ്ഥാന റൂട്ടില്‍ അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദ്ദം മൂലം മുടക്കിയതായാണ് ആരോപണം. ബംഗളുരു റൂട്ടിനായി മാര്‍ച്ചില്‍ കിട്ടിയ വന്ദേഭാരത് റേക്ക് കൊല്ലം സ്റ്റേഷനില്‍ കിടക്കുകയാണ്. കേരളത്തിന് കിട്ടിയ മൂന്നാം വന്ദേഭാരത് ആണിത്. ബംഗളുരു റൂട്ട് മാറ്റി, തിരുവനന്തപുരം – ചെന്നൈ, തിരുവനന്തപുരം – കോയമ്പത്തൂര്‍ റൂട്ടില്‍ ഓടിക്കാനാണ് പുതിയ ആലോചന.

 

രാത്രി 11.30ന് ബാംഗ്‌ളൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8ന് എറണാകുളത്തും അവിടെ നിന്ന് രാവിലെ 9 ന് തിരിച്ച് രാത്രി 10ന് ബാംഗ്‌ളൂരിലും എത്തും വിധമാണ് സര്‍വീസ് നിശ്ചയിച്ചത്. ഇത് സ്വകാര്യലക്ഷ്വറി ബസുകള്‍ക്ക് ഭീഷണിയായിരുന്നു.

 

അതേസമയം, മൂന്നാം വന്ദേഭാരതിന്റെ മെയിന്റനന്‍സ് സംബന്ധിച്ച് ദക്ഷിണറെയില്‍വേ തീരുമാനമെടുക്കാത്തതാണ് കാരണമെന്നാണ് റെയില്‍വേ പറയുന്നത്. നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ സംസ്ഥാനത്തുണ്ട്. അതിനാല്‍ മൂന്നാം വന്ദേഭാരത് കേരളത്തിന് പുറത്തേക്ക് ഓടിക്കണം.

 

രാത്രി സര്‍വ്വീസ് സംബന്ധിച്ചാണ് വ്യക്തത വരേണ്ടത്. ബംഗളുരു – എറണാകുളം സര്‍വ്വീസിന് ടൈംടേബിളും സ്റ്റോപ്പും നിശ്ചയിച്ചെങ്കിലും എറണാകുളത്ത് മെയിന്റനന്‍സ് സൗകര്യമില്ലെന്ന് പറഞ്ഞ് സര്‍വ്വീസ് തുടങ്ങിയില്ല.

 

വേണാട് എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ നിന്ന് ഒഴിവാക്കി വന്ദേഭാരതിന് മെയിന്റനന്‍സ് ലൈന്‍ തയ്യാറാക്കി. അപ്പോള്‍ രാത്രികാല മെയിന്റനന്‍സിന് അനുമതിയില്ലെന്നായി. ഇതെല്ലാം മുടന്തന്‍ വാദങ്ങളാണെന്നും യഥാര്‍ത്ഥ കാരണം ബസിലോബിയുടെ സമ്മര്‍ദ്ദമാണെന്നുമാണ് ആരോപണം.

You cannot copy content of this page