കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. സുപ്രീം കോടതിയിൽ തന്റെ ഹർജി നേരത്തെ കേൾക്കണമെന്ന് വിജയ് ഷാ ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
മന്ത്രിക്കെതിരെ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെരെയാണ് ഹർജി. മന്ത്രിയുടെ വാക്കുകള്‍ മതസ്പര്‍ധ വളര്‍ത്തുന്നതും, സമൂഹത്തില്‍ വിഭജനത്തിനിടയാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെതുടര്‍ന്ന് ജയ് ഷാക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരിഹാസ്യവും നിന്ദ്യവുമാണ് പ്രസ്താവനയെന്നും സമൂഹത്തില്‍ വലിയ വിഭജനമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
പ്രസ്താവന വിവാദമായതോടെ ബിജെപി പ്രതിരോധത്തിലായി. 10 തവണ മാപ്പ് പറയാൻ തയ്യാർ, സ്വപ്നത്തില്‍ പോലും കേണല്‍ സോഫിയ ഖുറേഷിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വിജയ് ഷാ പറഞ്ഞു. മന്ത്രിക്കെതിരെ മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിത്തു പട്വാരി പോലീസില്‍ പരാതി നല്‍കി. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന എല്ലാ പെൺമക്കളെയും അപമാനിക്കുന്ന പ്രസ്താവനയെന്ന് വനിത കമ്മീഷനും അപലപിച്ചു. മന്ത്രി രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.