Breaking News

പതിവ് തെറ്റിയില്ല; ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പതിവ് തെറ്റാതെ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ കാസര്‍കോട് പായ വിരിച്ച് റോഡില്‍ കിടന്നാണ് പ്രതിഷേധം നടന്നത്. കാഞ്ഞങ്ങാട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ഇതോടെ ഡ്രൈവിങ് ടെസ്റ്റ് പണിമുടക്ക് അഞ്ചാം ദിവസവും തുടരുകയാണ്.

 

സ്വന്തം വാഹനവുമായി എത്തുന്നവര്‍ക്ക് ഇന്ന് ടെസ്റ്റ് നടത്താം എന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. എന്നാല്‍, തിരുവനന്തപുരം മുട്ടത്തറ ഗ്രൗണ്ടില്‍ ആരും ടെസ്റ്റിന് എത്തിയിട്ടില്ല. ഇവിടെ 21 പേര്‍ക്കായിരുന്നു ഇന്ന് ടെസ്റ്റിന് സ്ലോട്ട് നല്‍കിയത്. പാലക്കാട് മലമ്പുഴയില്‍ കുത്തുപാള കഞ്ഞി സമരമാണ് പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ നടന്നത്. സമരക്കാരുടെ നേതൃത്വത്തില്‍ കഞ്ഞി വെച്ചായിരുന്നു സമരം. പരിഷ്‌രിച്ച ഡ്രൈവിങ്ങ് ടെസ്റ്റ് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡ്രൈവിങ്ങ് സ്‌കൂള്‍ അസോസിയേന്റെ നേതൃത്വത്തിലുള്ള സമരം.

 

തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം നടന്നു. ഇന്നലെ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തിയവര്‍ക്കെതിരെയും പ്രതിഷേധമുണ്ടായി. സമരത്തില്‍ നിന്നും പിന്മാറിയ സിഐടിയുവിനെതിരെ സമരസമിതി രംഗത്തെത്തി. സമരത്തില്‍ സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒരുമിച്ച് സമരം നടത്തേണ്ടവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ്. സിഐടിയുവിനെ മാത്രം സര്‍ക്കാര്‍ എങ്ങനെ ചര്‍ച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി നേതൃത്വം ചോദിച്ചു. പ്രശ്‌നം രൂക്ഷമായി തുടരുമ്പോള്‍ ഗതാഗതമന്ത്രി വിദേശത്തുമാണ്.

You cannot copy content of this page