Breaking News

വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; ‘ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികൾ’; മന്ത്രിക്ക് റിപ്പോർട്ട് നൽകി വനം മേധാവി

Spread the love

റാപ്പർ വേടനെതിരെയുള്ള പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് വനംമേധാവിയുടെ റിപ്പോർട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയത് ചട്ടപ്രകാരമുള്ള നടപടികളെന്നാണ് വനംമന്ത്രിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ മാധ്യമങ്ങളുമായി വിവരം പങ്കുവെച്ചതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലുള്ളത്.

പോലീസ് കൈമാറിയ കേസ് ആയതിനാൽ ആണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നതെന്നാണ് വനംമേധാവിയുടെ വിശദീകരണം. മാധ്യമങ്ങൾക്ക് വിവരം പങ്കുവെച്ചത് സർവീസ് ചട്ടലംഘനമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ ഉൾപ്പെടെ നൽകി. ഇവ മോശം സന്ദേശത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം വനംമന്ത്രിയാകും നടപടിയെടുക്കുക.

വേടനെതിരെ കേസ് എടുത്തതിനെതിരെ വനംമന്ത്രി തന്നെ രംഗത്തെത്തിിരുന്നു. വേടനെതിരെ വനംവകുപ്പ് എടുത്ത കേസിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ വനം മന്ത്രിയും മലക്കം മറിഞ്ഞിരുന്നു. ഉ​ദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് മന്ത്രി പ്രതികരിച്ചിരുന്നത്. കേസ് സങ്കീർണമാക്കിയതിലെ അതൃപ്തി എ കെ ശശീന്ദ്രൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കേസിൽ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ കുറച്ചുകൂടി ശ്രദ്ധിച്ച് കാര്യങ്ങൾ‌ ചെയ്യണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞിരുന്നു.

You cannot copy content of this page