Breaking News

മുന്നണി പ്രവേശനം; ലീഗ് നേതാക്കളെ കാണാന്‍ പിവി അന്‍വര്‍; കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി

Spread the love

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളെ കാണാന്‍ പിവി അന്‍വറിന്റെ നീക്കം. കൂടിക്കാഴ്ചയ്ക്ക് അന്‍വര്‍ അനുമതി തേടി. ടിഎംസിയെ മുന്നണിയില്‍ എടുക്കുന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. ഇന്ന് കൂടിക്കാഴ്ച നടത്താനാണ് പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുടെ അനുമതി തേടിയത്. എന്നാല്‍ മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ ഇവര്‍ കൂടിക്കഴ്ചയ്ക്ക് അനുമതി നല്‍കിയില്ല.

അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകളെയും പരിഗണിക്കണമെന്ന് മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി. അവസരം നല്‍കാതെ കഴിവ് തെളിയിക്കാന്‍ കഴിയില്ല. സഭയുമായി ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നയാളാണ് താനെന്നും മതേതര വോട്ടുകള്‍ നേടാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബീന ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. മുന്നണി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായില്ല. കോണ്‍ഗ്രസ് നേതാക്കളും പി.വി അന്‍വറും തമ്മില്‍ ഇന്നലെയാണ് കൂടിക്കാഴ്ച നടത്തിയത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരാണ് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ പി. അന്‍വര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. കോണ്‍ഗ്രസ് നേതാക്കളും മുന്നണി പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ നിലപാട് അറിയിച്ചു. ഇക്കാര്യങ്ങളില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാവും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫില്‍ ഉള്‍പ്പെടെ തുടര്‍ചര്‍ച്ചകള്‍ നടക്കും.

You cannot copy content of this page