നാലാം വര്‍ഷികം ആഘോഷിക്കാനുള്ള ഒരു അവകാശവും ഈ സര്‍ക്കാരിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലായി. മലയോര ജനത വന്യജീവി ആക്രമണത്തില്‍ കഷ്ടപ്പെടുമ്പോള്‍ ഈ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല.
തീരപ്രദേശവും വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായു നിര്‍ത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പു കുത്തിയിരിക്കുകയാണ്. ഖജനാവില്‍ പണമില്ല. ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത്. ധനപ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
മുനമ്പത്ത് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ കള്ളക്കളിയാണ് പുറത്തുവന്നിരിക്കുന്നത്. വഖഫ് ട്രിബ്യൂണലില്‍ ഭൂമി നല്‍കിയ സേഠിന്റെ കുടുംബവും ഭൂമി സ്വീകരിച്ച ഫറൂഖ് കോളജ് മാനേജ്‌മെന്റും വഖഫ് ഭൂമി അല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. വഖഫ് ഭൂമി അല്ലെന്ന നിലപാടാണ് യു.ഡി.എഫും സ്വീകരിച്ചത്. വഖഫ് ഭൂമി ആണെങ്കില്‍ അവിടെ താമസിക്കുന്നവര്‍ക്ക് സ്ഥിരമായ അവകാശം നല്‍കാനാകില്ല. രേഖകള്‍ പരിശോധിച്ചാല്‍ വഖഫ് ഭൂമി അല്ലെന്നു വ്യക്തമാകും.
മുനമ്പത്തെ ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനം വഖഫ് ട്രിബ്യൂണല്‍ സ്വീകരിക്കുമെന്ന അവസ്ഥയുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം വഖഫ് ബോര്‍ഡ് ട്രിബ്യൂണലിന് എതിരെ ഹൈക്കോടതിയെ സമീപിച്ചു. മെയ് 29 വരെയാണ് സ്റ്റേ വാങ്ങിയിരിക്കുന്നത്. മെയ് 19 വരെയാണ് നിലവിലെ ട്രിബ്യൂണലിന്റെ കാലാവധി. സ്റ്റേ വാങ്ങിയതില്‍ വഖഫ് മന്ത്രിക്കും പങ്കുണ്ട്.നിലവിലെ വഖഫ് ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിക്കരുത് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പുതുതായി വരുന്ന ട്രിബ്യൂണലിന്റെ ഘടന പുതിയ വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് മുനമ്പത്തെ ജനങ്ങളോട് വഞ്ചനയാണ് ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരെ വഖഫ് സി.ഇ.ഒ പ്രസ്താവന ഇറക്കി. അങ്ങനെ പ്രസ്താവന ഇറക്കാനുള്ള അധികാരം വഖഫ് സി.ഇ.ഒയ്ക്ക് ഉണ്ടോ?
മുനമ്പത്തെ ഭൂമി വഖഫ് ആണെന്നാണ് വഖഫ് ബോര്‍ഡിനെക്കൊണ്ട് പറയിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ മുനമ്പം നിവാസികള്‍ കയ്യേറ്റക്കാരാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നിട്ടും എന്തിനാണ് മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന പച്ചക്കള്ളം മുഖ്യമന്ത്രി പറയുന്നത്.
വഖഫ് ട്രിബ്യൂണലില്‍ നിന്നും അനകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. അതാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ചക്കാലയ്ക്കല്‍ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇതേക്കുറിച്ചാണ് പറഞ്ഞത്. മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാന്‍ പത്തു മിനിട്ട് മതി. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കുന്നത് എങ്ങനെയെന്നു കാണിച്ചു തരാം.സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പല തവണ മുടങ്ങി. ക്ഷേമനിധി ബോര്‍ഡുകളും തകര്‍ച്ചയുടെ വക്കിലാണ്. പാവപ്പെട്ട തൊഴിലാളികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച പണം അംശാദായമായി കൊടുത്ത് ക്ഷേമനിധികളില്‍ നിന്നു പോലും പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ നല്‍കുന്നില്ല.
കെട്ടിട നിര്‍മ്മാണ് ക്ഷേമനിധി ബോര്‍ഡുകളില്‍ ഉള്‍പ്പെടെ പെന്‍ഷന്‍ മുടങ്ങിയിട്ട് 16 മാസമായി. അംഗന്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല. ആശ വര്‍ക്കര്‍മാരോടും അംഗന്‍വാടി ജീവനക്കാരോടും ദയാരഹിതമായാണ് പൊലീസ് പെരുമാറുന്നത്.
വേതന വര്‍ധനവിന് വേണ്ടി സമരം ചെയ്യുന്നവരെ കോര്‍പറേറ്റ് മുതലാളിമാരെപ്പോലെയാണ് മന്ത്രിമാര്‍ അപഹസിക്കുന്നത്. സമരം ചെയ്യുന്നവരെ കളിയാക്കുന്ന തീവ്രവലതുപക്ഷ സര്‍ക്കാരായി ഇവര്‍ മാറി. കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ ജാഡകളുമുള്ള സര്‍ക്കാരും മന്ത്രിമാരുമാണ് കേരളത്തിലുള്ളത്.സര്‍ക്കാര്‍ ഇല്ലായ്മയാണ് കേരളം അനുഭവിക്കുന്നത്. ആശുപത്രികളില്‍ മരുന്നുകളില്ല. കാരുണ്യ പദ്ധതി പൂര്‍ണമായും മുടങ്ങി. റബറിന് 250 രൂപ തറവിലയാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവര്‍ ആ വാഗ്ദാനം നടപ്പാക്കിയില്ല. എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വില ഇടിഞ്ഞു. നാളികേര സംഭരണം നടക്കുന്നില്ല. നെല്ലു സംഭരണം പൂര്‍ണമായും പാളിപ്പോയി. മില്ലുടമകളുമായി ചേര്‍ന്ന് കര്‍ഷകരെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
വന്യജീവി ആക്രമണത്തിലും ഒരു നടപടിയുമില്ല. നാലു മാസത്തിനിടെ 18 പേരെയാണ് ആന ചവിട്ടിക്കൊന്നത്. കഴിഞ്ഞ ദിവസവും മൂന്നു പേര്‍ കൊല്ലപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. തീരപ്രദേശത്ത് മണല്‍ ഖനനം നടത്തുമ്പോഴും സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നു. മണ്ണെണ്ണ സംബ്‌സിഡി വര്‍ധിപ്പിക്കുന്നില്ല. തീരദേശ ഹൈവെ കൊണ്ടു വന്ന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുകയാണ്. ഇതുതന്നെയാണ് കേരളത്തിന്റെ എല്ലാ മേഖലകളിലും നിലനില്‍ക്കുന്നത്.എല്ലായിടത്തും അഴിമതിയും ധൂര്‍ത്തുമാണ്. ആശ വര്‍ക്കര്‍മാക്ക് പണം നല്‍കാനില്ലാത്തവരാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു കൊടുത്തത്. ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് ആറര ലക്ഷം രൂപയാണ് ശമ്പളമായി നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയി.
രണ്ടാമത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപകസംഘമായി മാറി. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. കേരളം ലഹരി മരുന്നിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്.
എന്‍ഫോഴ്‌സ്‌മെന്റ് നടത്താതെ എക്‌സൈസും പൊലീസും നിഷ്‌ക്രിയരായി ഇരിക്കുകയാണ്. നിയമസഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയപ്പോഴാണ് സര്‍ക്കാര്‍ കുറച്ചു ദിവസം ഷോ കാട്ടിയത്. ലഹരി മാഫിയകള്‍ക്ക് സി.പി.എം രാഷ്ട്രീയരക്ഷാകര്‍തൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും കോടികള്‍ മുടക്കിയാണ് സര്‍ക്കാര്‍ പരസ്യം ചെയ്യുന്നത്.പെന്‍ഷന്‍ നല്‍കാന്‍ പണം ഇല്ലാത്തപ്പോഴും മുഖ്യമന്ത്രിയുടെ ഹോള്‍ഡിങ് വയ്ക്കാന്‍ മാത്രം പതിനഞ്ച് കോടി രൂപ മുടക്കുന്ന ഈ സര്‍ക്കാരിന് നാണമുണ്ടോ? ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം പൂര്‍ണമായും ബഹിക്കരിക്കും. നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന വികസനപദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും തദ്ദേശ ജനപ്രതിനിധികളും പങ്കെടുക്കും.
കാരണം അത് അവരുടെ കൂടി അധ്വാനത്തിന്റെ ഫലമാണ്. അല്ലാതെയുള്ള എല്ലാ ആഘോഷ പരിപാടികളും യു.ഡി.എഫ് പൂര്‍ണമായും ബഹിഷ്‌ക്കരിക്കും. സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടുന്നതിനു വേണ്ടിയുള്ള ബദല്‍ പ്രചരണ പരിപാടികള്‍ യു.ഡി.എഫ് സംഘടിപ്പിക്കും.
കേരളത്തിലെ ഏത് ഗ്രാമത്തിലും ഏത് ലഹരിയും ലഭ്യമാണ്. കേസെടുത്തതിന്റെ കണക്കാണ് സര്‍ക്കാര്‍ പറയുന്നത്. വലിക്കുന്ന ആളുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എവിടെ നിന്നാണ് ലഹരി മരുന്ന് എത്തുന്നത് എന്നത് കണ്ടെത്തണം. രണ്ട് ഐ.ജിമാരെ എന്‍ഫോഴ്‌സ്‌മെന്റിനായി നിയോഗിക്കണം. സപ്ലെ ചെയിന്‍ ബ്രേക്ക് ചെയ്യാതെ കേരളത്തെ രക്ഷിക്കാനാകില്ല.
എക്‌സൈസിന്റെയും പൊലീസിന്റെയും ജോലിയല്ല ബോധവത്ക്കരണം. അത് സമൂഹിക സംഘടനകളും യുവജനസംഘടനകളുമൊക്കെ ചെയ്യും. മുഖ്യമന്ത്രി നടത്തിയ യോഗത്തിലും ബോധവത്ക്കരണത്തെ കുറിച്ചാണ് പറയുന്നത്. ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയാണ് വേണ്ടത്. വചകമടി കൊണ്ട് ഒന്നും നടക്കില്ല. ലഹരി മാഫിയകള്‍ക്കുള്ള രാഷ്ട്രീയരക്ഷകര്‍തൃത്വവും സി.പി.എം അവസാനിപ്പിക്കണം.നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ തീരുമാനിക്കും. ചില ചാനലുകള്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയാണ്. രാവിലെ ഒരാളെ പ്രഖ്യപിച്ചിട്ട് വൈകുന്നേരമാകുമ്പോള്‍ മറ്റൊരാളുടെ പേര് പറയും. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും ചാനലുകള്‍ ഞങ്ങള്‍ക്ക് വിട്ടു നല്‍കണം. മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ കൂടിയാലോചന നടത്തിയതല്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നിട്ടില്ല.
കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. അതിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുന്നതേയുള്ളൂ. തിരഞ്ഞെടുപ്പ് തീരുമാനിച്ചാല്‍ മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ദയവു ചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത്. കഴിഞ്ഞ കുറെ ദിവസമായി ചില ചാനലുകള്‍ ആര്‍ക്കാര്‍ തൂക്കമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. പി.വി അന്‍വര്‍ യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്. അത് സ്വീകരിച്ചിട്ടുമുണ്ട്.
അദ്ദേഹവുമായി നേതൃത്വം ആശയവിനിമയം നടത്തുന്നുമുണ്ട്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും മാധ്യമങ്ങള്‍ എത്ര സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. എത്ര ചര്‍ച്ച നടത്തി. പി.വി അന്‍വര്‍ ഒരു പേരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് തീരുമാനിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിക്കും പിന്തുണ നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും വി ഡി സതീശൻ വ്യക്തമാക്കി.