Breaking News

അനധികൃത സ്വത്ത് സമ്പാദനക്കേസ് : എം ആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

Spread the love

മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഫയല്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രി ഒപ്പുവച്ചു. കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം ഉള്‍പ്പടെ ആയിരുന്നു പി.വി അന്‍വര്‍ ഉന്നയിച്ചത്.

പി വി അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട് എം ആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നേരത്തെ തന്നെ വിജിലന്‍സ് സമര്‍പ്പിച്ചിരുന്നു. ഇതാണ് മുഖ്യമന്ത്രി ഇപ്പോള്‍ അംഗീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംഭര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ളാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളായിരുന്നു എഡിജിപിക്കെതിരെ ഉന്നയിച്ചിരുന്നത്. ഇക്കാര്യത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

വ്യാജമൊഴി നല്‍കിയതില്‍ പി വിജയന്‍ നല്‍കിയ പരാതിയിന്‍മേലുള്ള തീരുമാനം വൈകുന്നതിനിടെയാണ് എംആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശിപാര്‍ശ നല്‍കിയിരുന്നു. പിവി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെയാണ് വിഷയത്തില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. സംസ്ഥാന പൊലീസ് മേധാവി നേരിട്ടാണ് പിവി അന്‍വര്‍ ഉന്നയിച്ച ചില ആരോപണങ്ങളില്‍ എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്. ഇതിനായി അജിത് കുമാറിന്റെ മൊഴി എടുക്കുന്നതിനിടെയാണ് പി വിജയനെതിരെ മൊഴി നല്‍കിയത്.

മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞുവെന്നും. എടിഎസിന്റെ ചുമതലയുണ്ടായിരുന്ന പി വിജയന്‍ ഡാന്‍സാഫ് സംഘത്തെ ഉപയോഗിച്ച് കരിപ്പൂരിലടക്കം സ്വര്‍ണക്കടത്ത് സംഘത്തെ ബന്ധപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് പറഞ്ഞതായാണ് അജിത് കുമാര്‍ മൊഴി നല്‍കിയത്. രേഖാമൂലമാണ് മൊഴി നല്‍കിയിരുന്നത്. ഇതിന് പിന്നാലെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് ഡിജിപിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പി വിജയന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. തനിക്കെതിരെ എംആര്‍ അജിത് കുമാര്‍ വ്യാജ പ്രചരണങ്ങള്‍ ഔദ്യോ?ഗികമായി നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാരിനെ പി വിജയന്‍ അറിയിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ ഡിജിപിയുടെ അഭിപ്രായം തേടി. തുടര്‍ന്നാണ് എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി ശിപാര്‍ശ നല്‍കിയിട്ടുള്ളത്.

You cannot copy content of this page