Breaking News

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ; കാലാപാനി പ്രദര്‍ശനത്തിനെത്തിയിട്ട് 29 വർഷം

Spread the love

മലയാള സിനിമയില്‍ വിസ്മയമായിരിക്കുകയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍. പാൻ ഇന്ത്യൻ ചിത്രമായ എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി മുന്നേറുകയാണ്. പ്രമേയപരമായി വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുമ്പോഴും കളക്ഷനില്‍ സര്‍വ്വകാല റെക്കോര്‍ഡുമായി എമ്പുരാന്‍ കുതിക്കുകയാണ്.

29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം ഏപ്രില്‍ 6 നാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കോമ്പോയില്‍ ഒരുക്കിയ കാലാപാനി പ്രദര്‍ശനത്തിന് എത്തുന്നത്.ഒരേസമയം മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്തു. റിലീസിംഗ് കേന്ദ്രങ്ങളിലെല്ലാം സൗണ്ട് സിസ്റ്റം നവീകരിച്ചതുപോലും വാര്‍ത്തയായി. ഡോല്‍ബി സിസ്റ്റം ആദ്യമായി മലയാളി അനുഭവിച്ചറിഞ്ഞതും കാലാപാനിയിലൂടെയായിരുന്നു.

മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രണവം ആര്‍ട്ട്‌സ്, ഗുഡ്‌നൈറ്റ് മോഹന്റെ ഷോഗണ്‍ ഫിലിംസുമായി ചേര്‍ന്നായിരുന്നു കാലാപാനി നിര്‍മ്മിച്ചത്. ഒന്നര കോടി രൂപയ്ക്ക് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നകാലത്താണ് അഞ്ചുകോടി ചിലവില്‍ കാലാപാനി നിര്‍മ്മിച്ചത്./1995 ല്‍ ഏറ്റവും വലിയ വിജയം കൊയ്ത ചിത്രങ്ങളില്‍ ഒന്ന് കാലാപാനിയായിരുന്നു. 5 ദേശീയ അവാര്‍ഡുകളും, ഏഴ് സംസ്ഥാന അവാര്‍ഡുകളും നേടിയ ചിത്രം സാങ്കേതിക വിദ്യകൊണ്ട് ഇന്നും മികച്ച ചിത്രമായി ചര്‍ച്ച ചെയ്യപ്പടുന്നു.പ്രിയദര്‍ശന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് ടി ദാമോദരനായിരുന്നു.ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാനിലെ ജയിലില്‍ അടയ്ക്കപ്പെട്ട സ്വാതന്ത്ര്യ സമരക്കാരുടെ ചരിത്രകഥയാണ് ഒരു പക്ഷെ മലയാളത്തിലെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയെന്ന് വിളിക്കാവുന്ന ഈ ചിത്രം. ഏതാണ്ട് 3 കോടി മുതല്‍ മുടക്കില്‍ അതുവരെയുണ്ടായിരുന്ന മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മാണച്ചിലവ് വന്ന ചിത്രമായിരുന്നു കാലാപാനി. സന്തോഷ് ശിവനായിരുന്നു കാമറ. സന്തോഷ് ശിവന് മികച്ച കാമറയ്ക്കുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയ ചിത്രം കൂടിയായിരുന്നു കാലാപാനി. ഇതേ ചിത്രത്തിലെ കലാസംവിധാനത്തിന് സാബു സിറിളിനും ദേശീയ, സംസ്ഥാന അവാര്‍ഡ് ലഭിച്ചു.ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍ തൂക്കിലേറ്റപ്പെട്ട ഗോവര്‍ദ്ധനെയാണ് മോഹന്‍ലാല്‍ കാലാപാനിയില്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ഗോവര്‍ദ്ധന്‍. ഗോവര്‍ദ്ധനനെ തേടിയുള്ള അനന്തരവന്റെ അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. ട്രെയിന്‍ ബോംബ് വച്ചു അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ഗോവര്‍ദ്ധന്‍ അറസ്റ്റിലാവുന്നത്.ഗോവര്‍ദ്ധനെ കാത്തിരിക്കുകയാണ് മുറപ്പെണ്ണുകൂടിയായ നവവധു. സെല്ലുലാര്‍ ജയിലിലെ ക്രൂരകൃത്യങ്ങള്‍ക്കിടയില്‍ സുഹൃത്തായ പ്രഭുവിന് ജീവന്‍ നഷ്ടപ്പെട്ടു. മോഹന്‍ലാല്‍ ജയില്‍ വാര്‍ഡനായ അമരീഷ് പുരിയെ കാലപുരിക്ക് അയച്ച് തൂക്കിലേറ്റപ്പെട്ടു.സ്വാതന്ത്ര്യമെന്നത് മുഴുവന്‍ സാക്ഷാത്ക്കരിക്കപ്പെടാത്ത ഒരു സങ്കല്‍പമാണെന്നും ചിത്രം പറയുന്നു.

ഗിരീഷ് പുത്തഞ്ചേരി ഇളയരാജ ടീമിന്റെ ഗാനങ്ങള്‍ മാരിക്കൂടിനുള്ളില്‍…., കൊട്ടും കുഴല്‍വിളി, ആറ്റിറമ്പിലെ, ചെമ്പൂവേ എന്നിവ ആസ്വാദകര്‍ ഏറ്റെടുത്ത പാട്ടുകളാണ്.

മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്നതാണ് കാലാപാനിയെന്ന ചിത്രം. മോഹന്‍ലാല്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് എന്നും കാലാപാനിയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത്. മിര്‍സാഖാന്റെ ഷൂ നാക്കുകൊണ്ട് വൃത്തിയാക്കാന്‍ ആജ്ഞാപിക്കുമ്പോള്‍ ഗോവര്‍ധന്റെ മുഖത്ത് മിന്നിമറിയുന്ന ഭാവമൊക്കെ ആര്‍ക്കാണ് മറക്കാനാവുക.വിശപ്പു സഹിക്കാന്‍ കഴിയാതെ പരമാനന്ദ് എന്ന കഥാപാത്രം മണ്ണ് വാരിതിന്നാന്‍ ശ്രമിക്കുന്നതും സഹതടവുകാരനെ കൊന്ന് ഭക്ഷണമാക്കുന്നതടക്കമുള്ള രംഗമൊക്കെ പ്രേക്ഷകനെ അമ്പരപ്പിച്ചതും ഏറെ നൊമ്പരപ്പെടുത്തിയതുമായിരുന്നു.
മോഹന്‍ലാല്‍, പ്രഭു, അമരീഷ് പുരി, ശ്രീനിവാസന്‍, തബ്ബു, നെടുമുടിവേണു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

You cannot copy content of this page