കൊല്ലം: കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനത്തിൽ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ. ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ, ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ എന്നിവരെ കൂടി പ്രതി ചേർക്കണം എന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിൽ ഇതിന് മുൻപും പരാതി നൽകിയിരുന്നുവെന്നും എന്നാൽ അന്ന് ഗാനം ആലപിച്ച അലോഷി ആദത്തിനെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തതെന്നും ആരോപണം ഉയർന്നിരുന്നു. സിപിഐഎം നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രത്തിൽ ഉപദേശക സമിതി അംഗങ്ങളെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ്
ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും പ്രതി ചേർക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് വിഷ്ണു സുനിൽ പരാതി നൽകിയിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലാണ് കടയ്ക്കല്‍ ദേവീ ക്ഷേത്രം. മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയിലാണ് പാര്‍ട്ടി ഗാനം ആലപിച്ചത്. പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമായിരുന്നു ഉയർന്നത്.