Breaking News

ഇന്ന് ലോക ഉറക്ക ദിനം ; സുഖമായി ഉറങ്ങണോ എന്നാൽ ഇവയൊക്കെ ഒന്ന് ശ്രദ്ധിച്ചോളു

Spread the love

മാർച്ച് 15 ലോക ഉറക്ക ദിനമായി ആചരിക്കുന്നു, ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. നല്ല ഉറക്കം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല , ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് മെച്ചപ്പെട്ട ഉറക്കവും.എന്നാൽ ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. നിരവധി പേരാണ് ഇതിനായി ചികിത്സ തേടുന്നത് ,ഇതിൽ കൂടുതലും യുവാക്കളാണെന്നത് ഏറെ ശ്രദ്ധേയമാണ്.ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിനെയും മനസിനെയും ഒരുപോലെ ബാധിക്കുകയും നമ്മളെ ഒരു രോഗിയാക്കി മാറ്റുകയും ചെയ്യും.

രാത്രിസമയങ്ങളിൽ മൊബൈൽ ഫോൺ ,ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നവരാണ് നമ്മൾ എന്നാൽ ഈ സ്‌ക്രീനുകളിൽ നിന്ന് വരുന്ന വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും ,കൂടാതെ സമ്മർദ്ദം, ഉത്കണ്ഠ ,കഫീന്റെ ഉപയോഗം ,പുകവലി ,മദ്യപാനം എന്നിവയെല്ലാം ഉറക്കം നഷ്ടപ്പെടുത്തും.ഇതിനാൽ പകൽ സമയങ്ങളിൽ ക്ഷീണം അനുഭവപ്പെടുകയും ,രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.

ഉറക്കത്തിന്റെ കാര്യത്തിൽ അധികം ആരും ശ്രദ്ധിക്കാത്ത ഒരു രോഗാവസ്ഥയാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (OSA), ഉറങ്ങുമ്പോൾ ശ്വസന തടസ്സം അനുഭവപ്പെടുകയും ഉറക്കത്തിൽ നിന്ന് അതിവേഗം ഉണരുകയും ചെയുന്ന ഈ രോഗാവസ്ഥയിൽ ,ശ്വാസോച്ഛ്വാസം പഴയ നിലയിലേക്ക് എത്താനായി എടുക്കുന്ന സമയം ഉറക്കം പൂർണമായും നഷ്ടപ്പെടും.ഇത് രക്തസമ്മർദ്ദം ,ഹൃദ്രോഗം ,പ്രമേഹം ,അകാല മരണം എന്നിവയ്ക്ക് കാരണമാകും .വിദേശ രാജ്യങ്ങളിൽ OSA ഉണ്ടാകാനുള്ള കാരണം അമിതവണ്ണമാണെന്നാണ് പഠനങ്ങൾ പറയുന്നത് എന്നാൽ ഇന്ത്യയിൽ വണ്ണമില്ലാത്തവരിൽ പോലും ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഉറക്ക സംബന്ധമായ ഇത്തരം രോഗങ്ങൾക്ക് കാരണമെന്നാണ് കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റായ ഡോ. അരൂപ് ഹാൽഡറിൽ പറയുന്നത്.മെച്ചപ്പെട്ട ഉറക്കം ലഭിക്കാനായി വൈദ്യ സഹായം തേടുന്നതിന് മുൻപായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഏറെ ഗുണം ചെയ്യും ;

എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉറങ്ങാൻ ശ്രമിക്കുക.കൃത്യമായ സമയക്രമം ഇതിനായി പാലിക്കേണ്ടതാണ്.അവധി ദിവസമാണെന്ന് കരുതി വൈകി ഉറങ്ങുന്നതും ,ഉണരുന്നതും ഉറക്കത്തെ പ്രതികൂലമായി ബാധിക്കും.
സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം ഉറക്ക ഹോർമോണായ മെലറ്റോണിൻ ഉൽപാദനത്തെ തടയുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും നിങ്ങൾ സ്‌ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ് ,ഇങ്ങനെ ചെയ്യുന്നതിലൂടെ തലച്ചോറിന് സ്വാഭാവിക വിശ്രമം ലഭിക്കും.
കഫീൻ, നിക്കോട്ടിൻ അടങ്ങിയ വസ്തുക്കൾ രാത്രിയിൽ ഒഴിവാക്കേണ്ടതാണ് ഇത് ഉറക്കം നഷ്ട്ടപെടുന്നതിന് കാരണമാകാം.
ഉറങ്ങുന്നതിന് മുൻപായി മെഡിറ്റേഷൻ, യോഗ , തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നത് ഉറക്കത്തിനെ ദോഷകരമായി ബാധിക്കുന്ന സമ്മർദ്ദവും, ഉത്കണ്ഠയും തടയാൻ സഹായിക്കും.
രാത്രിയിൽ അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി പകരം പോഷകങ്ങൾ നിറഞ്ഞ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിക്കുക.ഇത് ദഹനം മെച്ചപ്പെടുത്താനും മികച്ച ഉറക്കം ലഭിക്കാനും സഹായിക്കും. അതുപോലെ തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താനും ശ്രദ്ധിക്കേണ്ടതാണ് .പതിവായി വ്യായാമം ചെയ്യുന്നത് ഉറക്കം മെച്ചപ്പെടുത്താൻ ഏറെ ഗുണം ചെയ്യും.രാവിലെ ജിമ്മിൽ പോകുന്നത്,നടത്തം,യോഗ,തുടങ്ങിയ ശരീരത്തിന് ഊർജം നൽകുന്നു.ഇത് മാനസികാരോഗ്യം വർധിക്കാനും മികച്ച ഉറക്കം ലഭിക്കാനും സഹായിക്കും.
ആരോഗ്യ സംരക്ഷണം എത്ര പ്രധാനമാണോ അതുപോലെ തന്നെയാണ് നല്ല ഉറക്കവും ,കഠിനമായ തലവേദന ,ഉച്ചത്തിലുള്ള കൂർക്കം വലി , പകൽ സമയത്തുള്ള ക്ഷീണം, ശ്രദ്ധ കേന്ദ്രികരിക്കാൻ സാധിക്കാത്തത് തുടങ്ങിയ ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്, ഉറക്കത്തെ ബാധിക്കുന്ന തരത്തിൽ സങ്കീർണമായി ഇവ മാറുകയാണെങ്കിൽ വിദഗ്ധ സഹായം തേടാവുന്നതാണ്.

You cannot copy content of this page