കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരിച്ചതിനെതിരെ പ്രതിഷേധം ശക്തമാക്കി ഡ്രൈവിങ് സ്‌കൂളുകൾ. പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റുകൾ നാളെ ആരംഭിക്കാനിരിക്കെയാണ് ഡ്രൈവിങ് സ്കൂളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എറണാകുളത്തെ ഡ്രൈവിങ് സ്‌കൂളുകൾ നാളെ നടക്കുന്ന ടെസ്റ്റുകൾ ബഹിഷ്‌കരിക്കും.
60 പേരിലേക്ക് ടെസ്റ്റിന്റെ എണ്ണം ചുരുക്കുമ്പോൾ വലിയ രീതിയിൽ ആളുകളെ ബാധിക്കുമെന്നാണ് ഡ്രൈവിങ് സ്‌കൂൾ അധികൃതർ പറയുന്നത്. വിദേശത്തുൾപ്പെടെ പോകാൻ നിൽക്കുന്ന ആളുകൾക്ക് വലിയ പ്രതിസന്ധിയാണ് പുതിയ പരിഷ്‌കാരത്തിലൂടെ നേരിടുന്നതെന്ന് അധികൃതർ പറയുന്നു.
ഡ്രൈവിങ് സ്‌കൂൾ അധികൃതർ ആർടിഒയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഫലമുണ്ടായില്ല. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനമാണെന്നും ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നുമാണ് ആർടിഒ നൽകുന്ന വിശദീകരണം. തുടർന്നാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പിനെ പ്രതിഷേധം അറിയിക്കുന്നതിനായാണ് ടെസ്റ്റുകൾ ബഹിഷ്‌കരിക്കുന്നത്.