തിരുവനന്തപുരം: സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി രംഗത്ത് .പാര്‍ട്ടി പണമെല്ലാം നിയമാനുസൃതമാണെന്നുംബാങ്കിന് പിഴവ് പറ്റിയതാണെന്നും ബാങ്ക് ഓഫ് ഇന്ത്യ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണെന്നുമാണ് പാര്‍ട്ടി വിശദീകരണം.
ഒരു കോടി പിന്‍വലിച്ചത് തിരഞ്ഞെടുപ്പ് ആവശ്യത്തിനായാണ്. തെറ്റായ നടപടിയെന്ന് ഐ ടി വകുപ്പ് വ്യാഖ്യാനിക്കുകയായിരുന്നു. പിന്‍വലിച്ച പണം ചെലവാക്കരുതെന്ന് ഐടി വകുപ്പ് പറഞ്ഞു. അങ്ങനെ പറയാന്‍ ഐ ടി വകുപ്പിന് എന്തധികാരമാണുള്ളത്. ഐടി വകുപ്പിന്റേത് തെറ്റായ നടപടിയാണ്. കോലാഹലം ഉണ്ടാകാതിരിക്കാനാണ് മിണ്ടാതിരുന്നത്. ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന് പരാതി നല്‍കിയിരുന്നു. വീഴ്ച സമ്മതിച്ച് ഏപ്രില്‍ 18 ന് ബാങ്ക് മറുപടി നല്‍കിയിരുന്നുവെന്നും പാര്‍ട്ടി വിശദീകരിച്ചു.
സിപിഐഎമ്മിനെ വേട്ടയാടുകയാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ആരോപിച്ചു. പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ സ്രോതസ്. അക്കൗണ്ടുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കിയതാണ്. എന്നാല്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സിപിഐഎമ്മിനെ വേട്ടയാടുന്നു. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും എം എം വര്‍ഗീസ് പറഞ്ഞു.
സിപിഐഎം അക്കൗണ്ടുകള്‍ സുതാര്യമാണ്. പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. അക്കൗണ്ട് ഫ്രീസ് ചെയ്തത് മുന്നറിയിപ്പില്ലാതെയാണ്. അക്കൗണ്ട് മുപ്പത് വര്‍ഷത്തോളമായി ഉള്ളതാണ്. പാന്‍ നമ്പറിലെ ഒറ്റ ആല്‍ഫ ബെറ്റാണ് തെറ്റിയതെന്നും മാധ്യമങ്ങളെ കണ്ടത് തെറ്റിദ്ധാരണ നീക്കാനാണെന്നും എം എം വര്‍ഗീസ് പറഞ്ഞു.