Breaking News

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു

Spread the love

കോട്ടയം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. പിന്നീട് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വീണ്ടും ജില്ലാ സെക്രട്ടറിയാവുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവന്‍ മത്സരിച്ചപ്പോള്‍, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.

1981 ല്‍ പാര്‍ടി അംഗമായ റസല്‍ 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും റസൽ അംഗമായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ പ്രവർത്തകസമിതി അംഗമാണ് റസൽ. 2006 ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-05 ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റായിരുന്നു.

You cannot copy content of this page