Breaking News

15കാരൻ തോക്ക് കൊണ്ട് കളിക്കവേ കയ്യിലിരുന്ന് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്

Spread the love

15കാരൻ തോക്ക് കൊണ്ട് കളിക്കവേ കയ്യിലിരുന്ന് പൊട്ടി. അടുത്ത് നിന്ന നാല് വയസ്സുകാരന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതര പരുക്ക്. കർണാടകയിലെ മണ്ഡ്യ നാഗമംഗലയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ കുഞ്ഞ് അഭിജീത് (4) ആണ് മരിച്ചത്. നാഗമംഗലയിലെ ഒരു കോഴിഫാമിൽ ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.

ആദ്യത്തെ വെടിയുണ്ട തൊട്ടടുത്ത് നിന്ന നാല് വയസ്സുകാരന്‍റെ വയറ്റിലാണ് കൊണ്ടത്. രണ്ടാമത്തേത് നാല് വയസ്സുകാരന്‍റെ അമ്മയുടെ കാലിലും കൊണ്ടു. അമിത രക്തസ്രാവത്തെതുടര്‍ന്ന് കുട്ടി തൽക്ഷണം മരിച്ചു. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പശ്ചിമബംഗാളിൽ നിന്ന് ജോലിക്ക് വന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ഫാം നോക്കി നടത്തുന്നവർ മുറിയിൽ തോക്ക് സൂക്ഷിച്ചിരുന്നു. തോക്ക് പുറത്തെടുത്ത് വെച്ചശേഷം ഇവര്‍ പുറത്തേക്ക് പോയിരുന്നു. ഇതിനിടയിൽ തൊട്ടടുത്ത ഫാമിൽ ജോലി ചെയ്യുന്ന 15കാരൻ ഇവിടേക്ക് എത്തുകയായിരുന്നു. പുറത്ത് തോക്കിരിക്കുന്നത് കണ്ട 15കാരൻ അതെടുത്ത് പരിശോധിക്കുകയും അബദ്ധത്തിൽ ട്രിഗർ വലിക്കുകയുമായിരുന്നു. തോക്കിൽ നിന്നും രണ്ട് തവണ വെടി പൊട്ടി.

You cannot copy content of this page