തിരുവനന്തപുരം: മാസങ്ങളായി പരിഗണനയിലുണ്ടായിരുന്ന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവർണർ ഒപ്പുവെച്ചിരിക്കുന്നത്.
വിവാദങ്ങൾ ഇല്ലാത്ത അഞ്ചു ബില്ലുകളിലാണ് ഗവർണർ ഇപ്പോള്‍ ഒപ്പുവെച്ചിരിക്കുന്നത്. സർക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഒപ്പുവെച്ച അഞ്ച് ബില്ലുകളിലും സർക്കാരുമായി ഗവർണർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല.
ഇടുക്കിയിലെ കർഷകർ ആശങ്ക ഉന്നയിച്ച സാഹചര്യത്തിൽ ഭൂഭേദഗതി ബില്ലിൽ മാത്രമായിരുന്നു ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നത്. അതിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ ബില്ല് തടഞ്ഞുവെക്കേണ്ട തരത്തിൽ മറ്റ് ആശങ്ക ഉണ്ടായിരുന്നില്ല. ആറ് മാസത്തോളമായി രാജ്ഭവനിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചിട്ട്. എന്നാൽ ബില്ല് ഗവർണർ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. തർക്കത്തിലുള്ള ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. അതിൽ കേന്ദ്രത്തിൽ നിന്നാണ് തീരുമാനം ഉണ്ടാകേണ്ടത്.