Breaking News

കത്തുന്ന വെയിലിലും നാടെങ്ങും ചൂടുള്ള പോളിംങ്ങ് ; രണ്ടാംഘട്ടത്തില്‍ 88 മണ്ഡലങ്ങളില്‍ വിധിയെഴുത്ത്

Spread the love

ന്യൂഡല്‍ഹി: വേനൽ ചൂടിനെ വകവെക്കാതെ നാടെങ്ങും പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ആകെ 88 ലോക്‌സഭ മണ്ഡലങ്ങളില്‍ ജനം ഇന്ന് വിധിയെഴുതും. കേരളത്തിലാണ് കൂടുതല്‍ മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് ഇന്ന് വോട്ടെടുപ്പ്. ആസം, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളില്‍ വീതവും ഇന്ന് വോട്ടിങ് നടക്കുന്നുണ്ട്.

ചത്തീസ്ഗഡ് -മൂന്ന്, കര്‍ണാടക -14, മധ്യപ്രദേശ് -ആറ്, മഹാരാഷ്ട്ര -എട്ട്, മണിപ്പൂര്‍ -ഒന്ന്, ത്രിപുര -ഒന്ന്, രാജസ്ഥാന്‍ -13, ഉത്തര്‍പ്രദേശ് -എട്ട്, പശ്ചിമ ബംഗാള്‍ -മൂന്ന്, ജമ്മു കശ്മീര്‍ -ഒന്ന് എന്നിവിടങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. ആദ്യഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. മേയ് ഏഴിന് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലെ 95 ലോക്‌സഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും.

ജൂണ്‍ ഒന്നിനാണ് അവസാന ഘട്ട വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ഒന്നാം ഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ രാവിലെ മുതലേ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വെയില്‍ ചൂടിന് മുന്നേ പോളിങ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. രാജ്യത്ത് മണിപ്പൂരിലാണ് ആദ്യ മണിക്കൂറില്‍ എറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത്. 54.26 ശതമാനം. ത്രിപുര ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഉച്ചക്കുമുമ്പേ 50 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയിരുന്നു.

ഒന്നാംഘട്ടത്തില്‍ രാജ്യത്താകെ 64 % വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. രണ്ടാം ഘട്ടത്തിലെ ആദ്യ ആറ് മണിക്കൂറിനുള്ളില്‍ കേരളത്തില്‍ 34 ശതമാനത്തിനടുത്താണ് പോളിങ് ശതമാനം. ആദ്യ മണിക്കൂറില്‍ സംസ്ഥാനത്ത് സമാധാന രീതിയിലായിരുന്നു പോളിങ്. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

You cannot copy content of this page