Breaking News

മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ; അനുമതി റദ്ദാക്കണമെന്ന് LDFൽ ആവശ്യപ്പെടും

Spread the love

പാലക്കാട് എലപ്പുള്ളിയിലെ വൻകിട മദ്യനിർമാണ ശാലയെ എതിർക്കാൻ സിപിഐ. പാലക്കാട് ജില്ലാ ഘടകത്തിന്റെ തീരുമാനത്തെ പിന്തുണക്കാൻ ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണ. മദ്യ നിർമ്മാണശാലയുടെ അനുമതി റദ്ദാക്കണമെന്ന് എൽഡിഎഫിൽ ആവശ്യപ്പെടും. മുന്നണി നേതൃത്വത്തോട് സംസാരിക്കാൻ നേതൃത്വത്തെ ചുമതലപ്പെടുത്തി. കുടിവെള്ള പ്രശ്നത്തെ അവഗണിക്കാനാകില്ലെന്ന് സംസ്ഥാന എക്സിക്യൂട്ടീവ്.

പദ്ധതിയുടെ ഗൗരവം വേണ്ടവിധം മനസിലാക്കിയില്ലെന്ന് സിപിഐ നേതൃത്വം. സംസ്ഥാന എക്സിക്യൂട്ടീവിൽ ആണ് സ്വയം വിമർശനം. അനുമതി നൽകണമെന്ന നിർദ്ദേശത്തിൽ നയപരമായ പ്രശ്നമുണ്ടോ എന്ന് മന്ത്രിമാർ ചോദിച്ചിരുന്നു. പ്രശ്നമില്ലെന്ന് നേതൃത്വം മറുപടി നൽകുകയും ചെയ്തു. ഇതാണ് മന്ത്രിസഭാ തീരുമാനത്തെ പിന്തുണയ്ക്കാൻ കാരണമെന്ന് നേതൃത്വം വിശദീകരിച്ചു.

മദ്യനിർമാണശാലക്ക് പ്രാരംഭാനുമതി നൽകിയതിൽ പാർട്ടി മന്ത്രിമാർ വേണ്ട ജാഗ്രത കാണിച്ചില്ലെന്നും മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നുമായിരുന്നു പാലക്കാട് സിപിഐ ജില്ലാ ഘടകം ഉന്നയിച്ചത്. എന്നാൽ ജില്ലാ ഘടകത്തിന്റെ ആവശ്യത്തെ നേതൃത്വം തള്ളിയിരുന്നു. പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പരിസ്ഥിതി വിഷയം ഗൗരവമായി പരിഗണിച്ചുകൊണ്ടുള്ള നാടിന്റെ വികസനമാണ് വേണ്ടതെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം.

ഒരേസമയം പദ്ധതിക്ക് അനുകൂലമാണെന്നും എതിരാണെന്നും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.പാലക്കാട്‌ നേതൃത്വത്തിന്റെ ആവശ്യം അവഗണിച്ച് പദ്ധതിയെ സംസ്ഥാന നേതൃത്വം പൂർണ്ണമായി പിന്തുണച്ചാൽ സമ്മേളനകാലത്ത് സിപിഐയിൽ പൊട്ടിത്തെറികൾ ഉണ്ടാകാനും സാധ്യതയുണ്ട്.

You cannot copy content of this page