നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും

Spread the love

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും. ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസത്തോളം നീണ്ടുനില്‍ക്കും. ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍. കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

അതേസമയം, കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് ആവശ്യം.

പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നതിനാല്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമാണ് പള്‍സര്‍ സുനിയുടെ വാദം. ഈ ആവശ്യം നേരത്തെ ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

You cannot copy content of this page