Breaking News

സംസ്ഥാനത്ത് വധശിക്ഷക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളി; ​ഗ്രീഷ്മയുടെ വിധിയിൽ ഇനിയെന്ത്?

Spread the love

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധി പറഞ്ഞപ്പോൾ പിറന്നത് മറ്റൊരു ചരിത്രം കൂടി. സംസ്ഥാനത്ത് വധശിക്ഷക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയാണ് ​ഗ്രീഷ്മ. 24 വയസാണ് യുവതിയുടെ പ്രായം. ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതിയാണ് ഷാരോണിന്റെ കാമുകിയായ ​ഗ്രീഷ്മ.

ഗ്രീഷ്മ നടത്തിയത് സമർത്ഥമായ കൊലപാതകമെന്ന് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുള്ള വിധിപ്രസ്താവത്തിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ​അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും വധശിക്ഷ വിധിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. 586 പേജുള്ള വിധിന്യായമാണു കോടതിയുടേത്.

പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്ക്കു (24) നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീറാണ് വധശിക്ഷ വിധിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാനാവാതെയാണ് ഷാരോൺ ആശുപത്രിയിൽ കഴിഞ്ഞത്. ആന്തരികാവയവങ്ങൾ അഴുകിയാണു ഷാരോൺ മരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണു പ്രതിക്കു കോടതി പരമാവധി ശിക്ഷ വിധിച്ചത്.

പ്രകോപനമില്ലാതെയാണു കൊലപാതകം. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിനു തെളിവില്ല. ഘട്ടം ഘട്ടമായി കൊലപാതകം നടത്താനാണു പ്രതി ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണു ഗ്രീഷ്മ. ജൂസ് ചാലഞ്ച് നടത്തിയത് അതിനു തെളിവാണ്. നേരത്തേയും ഗ്രീഷ്മ വധശ്രമം നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസ് അന്വേഷണത്തെ വഴിതിരിച്ചു വിടാനായിരുന്നു. പിടിച്ചുനിൽക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ല. പ്രതിയുടെ പ്രായം മാത്രം നോക്കി ശിക്ഷായിളവ് നൽകാനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം നടത്തിയിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനാണു ഗ്രീഷ്മ ശ്രമിച്ചത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നാണു പറഞ്ഞാണു ഷാരോണിനെ ഗ്രീഷ്മ ക്ഷണിച്ചുവരുത്തിയതെന്നും ഗ്രീഷ്മ നടത്തിയത് വിശ്വാസവഞ്ചനയാണെന്നും കോടതി പറഞ്ഞു. മരണക്കിടക്കയിൽ കിടക്കുമ്പോഴും ഗ്രീഷ്മയെ ഷാരോൺ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്നാണു ഷാരോൺ ആഗ്രഹിച്ചതെന്നും വിധിപ്രസ്താവിക്കവെ കോടതി ചൂണ്ടിക്കാട്ടി.

സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊല്ലാൻ ഗ്രീഷ്മ ശ്രമിച്ചു. പൈശാചിക മനസ്സായിരുന്നു ഗ്രീഷ്മയ്ക്കെന്ന പ്രോസിക്യൂഷൻ വാദം വിധിന്യായത്തിൽ കോടതി അം​ഗീകരിച്ചു. മാറിയ കാലത്തിന് അനുസരിച്ച് കേസ് സമർഥമായി അന്വേഷിച്ച കേരള പൊലീസിനെയും കോടതി അഭിനന്ദിച്ചു.

ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.എന്നാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം.

ശിക്ഷ വിധിക്കും മുമ്പ് ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. എംഎ ലിറ്ററേച്ചർ ഡിസ്റ്റിങ്ഷനോടെയാണ് പാസായത്. രക്ഷിതാക്കൾക്ക് ഏക മകളാണ്. അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. തുടർന്ന് പഠിക്കണമെന്നും ​ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നു. കത്തിനൊപ്പം ബിരുദ സർട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി. ഗ്രീഷ്മയുടെ ഭാഗം കേട്ട ശേഷമാണ് കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ കേട്ടത്.

ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസ് ആണിത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണം. ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക്‌ മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകൾ നടത്തി. മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണിതെന്നും അവിചാരിതമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കുറേ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഷാരോണിന് സാമൂഹിക വിരുദ്ധ പശ്ചാത്തലമുണ്ടെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഗ്രീഷ്മക്ക് പരമാവധി വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഷാരോൺ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ബന്ധത്തിൽ നിന്നും പലപ്പോഴും ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഷാരോൺ സമ്മതിച്ചില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

2021 ഒക്ടോബർ മുതലാണു ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാർച്ച് 4ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടർന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതൽ ഗ്രീഷ്‍മ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്റെ വീട്ടിൽവച്ച് താലികെട്ടി. വെട്ടുകാട് പള്ളിയിൽവച്ചും താലികെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. വിവാഹം അടുത്തുവരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചിരുന്നു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റമോൾ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗ്രീഷ്മ ഗൂഗിളിൽ സേർച് ചെയ്തു.

പാരസെറ്റമോൾ, ഡോളോ ഗുളികകൾ ഗ്രീഷ്മ വീട്ടിൽവച്ചു വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽവച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകൾവാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. റിസപ്ഷൻ ഏരിയയിലെ ശുചിമുറിയിൽവച്ച് ഗുളികകൾ ചേർത്ത ലായനി ജൂസ് കുപ്പിയിൽ നിറച്ചു. ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാൽ കളഞ്ഞു. ഗുളിക കലർത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്നു ഗ്രീഷ്മ പറഞ്ഞിരുന്നത്.

14-ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു. സെക്സ് ചാറ്റ് ചെയ്ത ശേഷം ശാരീരിക ബന്ധം വാ​ഗ്ദാനം ചെയ്തായിരുന്നു ക്ഷണം. ‘കഷായം കുടിക്കാമെന്നു മുൻപ് ചാലഞ്ച് ചെയ്തതല്ലേ, ദാ ഇരിക്കുന്നു കുടിക്ക്’ എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ് മാറാൻ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോൺ മുറിയിൽ വച്ച് ഛർദിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. ഷാരോണിന്റെ കിഡ്‌നി, കരൾ, ശ്വാസകോശം എന്നിവ നശിച്ചു ചികിൽസയിലിരിക്കെ ആയിരുന്നു മരണം. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബൽ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേർന്ന റബർ പുരയിടത്തിൽ വലിച്ചെറിഞ്ഞു. അമ്മയ്ക്കു കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണു തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.

ഗ്രീഷ്മയ്‌ക്കെതിരേ കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് അമ്മ സിന്ധുവിനെ വെറുതേവിട്ടത്. സൈനികനുമായി വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കൊലപാതകം ആസൂത്രണംചെയ്യുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

You cannot copy content of this page