Breaking News

ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

Spread the love

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാര്‍പ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലില്‍ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.

ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അതേസമയം ഗ്രീഷ്മ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ച കോടതി വിധിയില്‍ തൃപ്തരാണെന്ന് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ് പ്രതികരിച്ചു. അമ്മയെ വെറുതെ വിട്ടതിനെതിരെയും മാതാപിതാക്കള്‍ പ്രതികരിച്ചു.’ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരി. എന്തിന് വെറുതെ വിട്ടു. മൂന്ന് പേരെയും ശിക്ഷിക്കണമായിരുന്നു. നാളെ ശിക്ഷ വിധിച്ചശേഷം മറ്റുനടപടികളിലേക്ക് കടക്കും. ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതില്‍ തൃപ്തരാണ്. പരമാവധി ശിക്ഷ കൊടുക്കണം. ഒരുപാട് പ്രതീക്ഷയോടെ വളര്‍ത്തിയ മകനല്ലേ’, എന്നായിരുന്നു ഷാരോണിന്റെ മാതാപിതാക്കളുടെ പ്രതികരണം.

You cannot copy content of this page