ചെന്നൈ: കേരളത്തിൽ നിപ, എം പോക്സ് ജാഗ്രതാ നിർദേശത്തെ തുടർന്ന് അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യവകുപ്പ്. കോയമ്പത്തൂർ, നാഗർകോവിൽ, ദിണ്ടിഗൽ, തേനി ഉൾപ്പെടെ അതിർത്തകളിലാണ് പരിശോധന ശക്തമാക്കിയത്. ഇതിനായി ചെക് പോസ്റ്റുകളിൽ ആരോഗ്യപ്രവർത്തകരെ പ്രത്യേകമായി നിയമിച്ചു. യാത്രക്കാരെ പരിശോധിച്ച് വാഹനത്തിൽ അണുനാശിനി പ്രയോഗിച്ചാണ് കടത്തിവിടുന്നത്. പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടെത്തിയാൽ വിദഗ്ധ പരിശോധനയും നടത്തുന്നു.
അതേസമയം, നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധനവുണ്ടായി. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമ്പർക്ക പട്ടികയിൽ 32 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. ഇവരിൽ മൂന്ന് പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് എം പോക്സ് സംശയിക്കുന്ന വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങൾ എടുത്തിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചാൽ ഇവർക്കും ജാഗ്രത നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.