സെക്രട്ടറിയേറ്റ് മാർച്ച്: രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ഉപാധികളോടെ ജാമ്യം

Spread the love

സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനും സഹഭാരവാഹികൾക്കും ജാമ്യം. കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് പിഴ അടയ്ക്കണമെന്ന് കോടതി നിർദേശിച്ചു. സമര പരിപാടികളുമായി സെക്രട്ടറിയേറ്റിന് മുന്നിൽ എത്തരുതെന്ന് കോടതി നിർദേശം.
തിരുവനന്തപുരം മൂന്നാം ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോടതി വിശദമായി വാദം കേട്ടിരുന്നു. പ്രതികൾ സമരങ്ങൾക്കിടയിൽ തുടർച്ചയായി പൊതുമുതൽ നശിപ്പിക്കുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. കന്റോൺമെന്റ് സ്‌റ്റേഷനിൽ മാത്രം രാഹുലിനെതിരെ മൂന്ന് പിഡിപി കേസുകൾ ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
പ്രതികൾ അക്രമം നടത്തിയിട്ടില്ലെന്നും പൊലീസ് ആണ് അക്രമം കാണിച്ചെന്നുമായിരുന്നു എതിർവാദം. മാർച്ചിലെ സംഘർഷത്തിൽ 11 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസെടുത്തിരുന്നു. പിവി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച്.

You cannot copy content of this page