സപ്ലൈകോയില്‍ ‘ഫിഫ്റ്റി ഫിഫ്റ്റി’ ഓഫർ; പദ്ധതി അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി

Spread the love

തിരുവനന്തപുരം: സപ്ലൈകോയുടെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 50 ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫർ നൽകാൻ സർക്കാർ തീരുമാനം. ‘ഫിഫ്റ്റി ഫിഫ്റ്റി ഓഫർ’ എന്നാണ് അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ഓഫർ പദ്ധതിക്ക് സർക്കാർ പേര് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഓഫറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറാൻ സപ്ലൈകോയ്ക്ക് ആയെന്നും അത് അഭിമാനകരമായ കാര്യമാണെന്നും പിണറായി വിജയൻ പ്രതികരിച്ചു. സാധനങ്ങൾ ഏറ്റവും വിലകുറച്ചു കിട്ടുന്നത് എവിടെയെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒറ്റ ഉത്തരം മാത്രമുള്ളൂവെന്നും അത് സപ്ലൈകോ ആണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% അധിക വിലക്കുറവ് ഓഫർ കാലയളവിൽ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലും അറിയിച്ചു. പുതിയ സപ്ലൈകോ ഔട്ട്ലെറ്റുകൾ തുടങ്ങാൻ ആലോചനയുണ്ടെന്നും ഔട്ട്ലെറ്റുകൾ തുടങ്ങാൻ ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ആണ് തനിക്ക് ലഭിക്കുന്നത് എന്നും ജി ആർ അനിൽ പറഞ്ഞു. എന്നാല്‍ സാധനങ്ങളുടെ ലഭ്യതയിലടക്കം സപ്ലൈകോയിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. പ്രശ്ന പരിഹാരത്തിനുള്ള പദ്ധതികളുടെ പ്രഖ്യാപനവും ഇതുവരെയുണ്ടായിട്ടില്ല.

സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികാഘോഷം അടുത്ത ചൊവ്വാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് ആഘോഷം നടക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആഘോഷം സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. സാധനങ്ങള്‍ ഇല്ലാതെ സപ്ലൈകോ സ്റ്റോറുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ അന്‍പതാം വാര്‍ഷികാഘോഷത്തിന് എന്ത് പ്രസക്തി എന്ന വിമര്‍ശനമാണ് ഉയരുന്നത്.

പത്ത് മാസമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ പഞ്ചസാരയില്ല. 600 കോടിയിലധികം രൂപ കുടിശ്ശിക ഉള്ളതിനാല്‍ വിതരണക്കാര്‍ സപ്ലൈകോയുമായി സഹകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കുടിശ്ശിക വീട്ടാനും പണം അനുവദിക്കാനും ധനവകുപ്പ് തയ്യാറാകാത്ത സാഹചര്യവുമുണ്ട്.

You cannot copy content of this page