Breaking News

എയർബസ് എ320 സോഫ്റ്റ്‌വെയർ നവീകരണം, സുപ്രധാന അറിയിപ്പുമായി ഇത്തിഹാദും എയര്‍ അറേബ്യയും

Spread the love

ഷാർജ: എയർബസ് എ320 വിമാനങ്ങൾ തിരിച്ചുവിളിക്കാനുള്ള നിർദ്ദേശം തങ്ങളുടെ വിമാന സർവീസുകളെ സാരമായി ബാധിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി പ്രവർത്തിക്കുകയാണെന്ന് യുഎഇ വിമാനകമ്പനിയായ എയർ അറേബ്യ അറിയിച്ചു. ലോകമെമ്പാടുമുള്ള വിമാന നിർമ്മാതാക്കളായ എയർബസ്, തങ്ങളുടെ എ320 ശ്രേണിയിലുള്ള വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഏകദേശം 6,000 യാത്രാ വിമാനങ്ങളെ ഈ അപ്‌ഡേറ്റ് ബാധിക്കാൻ സാധ്യതയുണ്ട്.

‘ലോകമെമ്പാടുമുള്ള എയർലൈനുകൾ പ്രവർത്തിപ്പിക്കുന്ന എ320 വിമാനങ്ങളെ സംബന്ധിച്ച് എയർബസ് പുറപ്പെടുവിച്ച നിർദ്ദേശം ഞങ്ങൾക്ക് ലഭിച്ചു. ഇതിന് ചില വിമാനങ്ങളിൽ പ്രത്യേക സോഫ്റ്റ്‌വെയറും സാങ്കേതിക അപ്‌ഡേറ്റുകളും ആവശ്യമാണ്. ഈ നിർദ്ദേശമനുസരിച്ച്, ഞങ്ങളുടെ വിമാനങ്ങളിലെ ബാധകമായ എയർക്രാഫ്റ്റുകളിൽ ആവശ്യമായ നടപടികൾ നടപ്പിലാക്കുകയാണ്’- എയർ അറേബ്യ വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഷെഡ്യൂളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ, അത് ബാധിക്കപ്പെടുന്ന യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.എയർ അറേബ്യയും ഇത്തിഹാദും
യൂറോപ്യൻ വിമാന നിർമ്മാതാക്കൾ തിരിച്ചുവിളിക്കാൻ നിർദ്ദേശിച്ച എയർബസ് എ320 ശ്രേണിയിൽപ്പെട്ട 106 വിമാനങ്ങളാണ് യുഎഇയിലെ എയർലൈനുകൾ പ്രവർത്തിപ്പിക്കുന്നത്. ഇതിൽ എയർ അറേബ്യ, എയർ അറേബ്യ അബുദാബി എന്നിവയുടെ 67 എ320 വിമാനങ്ങൾ ഉൾപ്പെടുന്നു.

അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ എ320 ശ്രേണിയിലെ വിമാനങ്ങളിൽ ആവശ്യമായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വിജയകരമായി പൂർത്തിയാക്കിയ ശേഷം ഫ്ലൈറ്റുകൾ സാധാരണ ഷെഡ്യൂളിലേക്ക് തിരിച്ചെത്തിയതായി അറിയിച്ചു.

തങ്ങളുടെ ഓപ്പറേഷൻ, സാങ്കേതിക ടീമുകളുടെ അസാധാരണമായ പരിശ്രമം കാരണം, ഈ തിരക്കേറിയ സമയത്തും അപ്‌ഡേറ്റ് പെട്ടെന്ന് പൂർത്തിയാക്കാൻ സാധിച്ചതായും യാത്രക്കാരുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി പറയുന്നതായും ഇത്തിഹാദ് പ്രസ്താവനയിൽ അറിയിച്ചു.

You cannot copy content of this page