Breaking News

ടൂറിസ്റ്റ് ബസ്സുകളിലെ നിയമവിരുദ്ധമായ രൂപമാറ്റം ; നടപടി വേണമെന്ന് ഹൈക്കോടതി

Spread the love

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ ക്യാബിനിലെ വ്‌ളോഗ് ചിത്രീകരണം, ബസ്സുകളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്‌ക്കെതിരേ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മിഷണര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്‌നങ്ങള്‍സംബന്ധിച്ച് സ്വമേധയായെടുത്ത കേസിലാണ് ഉത്തരവ്. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ കോടതിയില്‍ പരിശോധിച്ചിരുന്നു. ഡ്രൈവര്‍ക്യാബിനില്‍ വീഡിയോ ചിത്രീകരിച്ച് അലക്ഷ്യമായിപ്പോകുന്ന ചരക്കുലോറിക്കു പിന്നില്‍ യാത്രാ ബസും മറ്റൊരു ലോറിയും ഇടിച്ച് വലിയ അപകടമുണ്ടാകുന്ന ദൃശ്യമുള്‍പ്പെടെ ഇതിലുണ്ട്.

വലിയ ശബ്ദത്തില്‍ പാട്ടുവെച്ച് ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ വിദ്യാര്‍ഥികള്‍ നൃത്തംചെയ്ത് വിനോദയാത്ര പോകുന്നതും കോടതികണ്ട ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. രൂപമാറ്റം വരുത്തിയ റിക്കവറി വാനില്‍ നിശ്ചിതപരിധിയില്‍ കൂടുതല്‍പ്പേര്‍ യാത്രചെയ്യുന്നതും എല്‍ഇഡി പാനലുകളുടെ നിര്‍മാണസംവിധാനവുമെല്ലാം കണ്ടു. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത കമ്മിഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കി.

അനധികൃത ലൈറ്റുകള്‍ ഓരോന്നിനും 500 രൂപവീതം പിഴയും നിര്‍ദേശിച്ചു. വീഡിയോയില്‍ക്കണ്ട വിനോദയാത്ര ഏതു വിദ്യാലയത്തില്‍ നിന്നാണെന്നതിന്റെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പ് അറിയിക്കണം. കോടതി പരിശോധിച്ച വീഡിയോകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കാന്‍ രജിസ്ട്രാർക്ക് നിര്‍ദേശം നല്‍കി.

You cannot copy content of this page