Breaking News

‘വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.ഐ.എമ്മിന്റെ ക്രിമിനല്‍ ഗൂഢാലോചന’; വി.ഡി സതീശൻ

Spread the love

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.ഐ.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.ഐ.എം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.ഐ.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.ഐ.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.ഐഎമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു.

വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.ഐ.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപി.ഐ.എമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.ഐ.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.ഐ.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

You cannot copy content of this page