വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സര്‍വീസിനിടെ വിദ്യാര്‍ഥികള്‍ ഗണഗീതം ആലപിക്കുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയില്‍വെ. എറണാകുളം- കെഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്പെഷല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് കുട്ടികള്‍ ഗണഗീതം ആലപിച്ചത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരുമിച്ച് നിന്ന് ആര്‍എസ്എസിന്റെ ഗണഗീതം ചൊല്ലുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ പങ്കുവെക്കുകയായിരുന്നു.ദേശഭക്തി ഗാനമെന്ന നിലയിലാണ് ദക്ഷിണ റെയില്‍വേ ഈ ഗാനം പങ്കുവെച്ചിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം കുട്ടികളും രണ്ട് പേരുമാണ് ഗണഗീതം ആലപിക്കുന്നത്.
എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം പാടി എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവച്ചത്. റെയില്‍വേയുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടനല്‍കിയത്. പിന്നാലെ വീഡിയോ പിന്‍വലിക്കുകയായിരുന്നു.
