Breaking News

വി എസിന്റെ സ്മരണയ്ക്കായി തലസ്ഥാനത്ത് ഒന്നര ഏക്കറില്‍ പാര്‍ക്ക് ഒരുങ്ങുന്നു; ചെലവ് 1.64 കോടി

Spread the love

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഐഎം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തില്‍ ‘നഗര ഉദ്യാന’മായി സ്മാരകം നിര്‍മ്മിക്കുന്നത്.

വിഎസിന്റെ പേരില്‍ സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആദ്യത്തെ സ്മാരകമെന്ന പ്രത്യേകതയും ഇതിനുണ്ട്. പാളയം മുതല്‍ പഞ്ചാപ്പുര ജംഗ്ഷന്‍ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കര്‍ സ്ഥലത്താണ് ഈ മനോഹരമായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 1.64 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാനും വിശ്രമിക്കാനുമുള്ള എല്ലാ ആധുനിക സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കും. വയോജന സൗഹൃദ നടപ്പാതകള്‍, കുട്ടികള്‍ക്കുള്ള കളിയിടം, ഒരു ജിംനേഷ്യം, പുല്‍ത്തകിടിയില്‍ വിശ്രമിക്കാനുള്ള സൗകര്യം, ജലധാര, ആമ്പല്‍ തടാകം എന്നിവ പാര്‍ക്കിന് അഴകേകും. ഇതുകൂടാതെ, ലഘുഭക്ഷണ കിയോസ്‌കുകള്‍, പൊതു ശൗചാലയം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, 24 മണിക്കൂര്‍ സുരക്ഷാ സംവിധാനം എന്നിവയും ഇവിടെയുണ്ടാകും. ഉദ്യാനത്തിന്റെ പ്രധാന ആകര്‍ഷണമായി വി എസ് അച്യുതാനന്ദന്റെ പൂര്‍ണ്ണകായ പ്രതിമയും സ്ഥാപിക്കും. പാര്‍ക്കിന്റെ നിര്‍മ്മാണോദ്ഘാടനം 22ന് പകല്‍ 11 മണിക്ക് പാളയത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കുമെന്ന് ട്രിഡ ചെയര്‍മാന്‍ കെ സി വിക്രമന്‍ അറിയിച്ചു.

You cannot copy content of this page