തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച കേസിലെ പ്രതി മോഷണത്തിനായാണ് ഹോസ്റ്റലിലെത്തിയതെന്ന് പൊലീസ്. ക്രിമിനല്‍ പശ്ചാത്തലമുളള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മധുര സ്വദേശിയായ ലോറി ഡ്രൈവറെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
പ്രതിയെ ഇന്ന് കഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അതിക്രമത്തിനിരയായ യുവതിക്ക് തിരിച്ചറിയല്‍ പരേഡ് നടത്തി പ്രതിയെ തിരിച്ചറിയണം. തുടര്‍ന്നാകും പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുക. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
ഒക്ടോബര്‍ പതിനേഴിനാണ് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പ്രതി പീഡിപ്പിച്ചത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
