Breaking News

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു

Spread the love

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു. എഴുത്തുകാരന്‍, അധ്യാപകന്‍, ചരിത്ര ഗവേഷകന്‍, സാഹിത്യ നിരൂപകന്‍, തുടങ്ങി വിവിധ മേഖലകളില്‍ ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്‍ വിവരണങ്ങള്‍ക്ക് അപ്പുറമാണ്. എംജിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എംജിഎസ് നാരായണന്‍, കേരള ചരിത്ര പഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ അടിത്തറ പാകിയ അധ്യാപകനായാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങള്‍ സമാനതകളില്ലാത്തതാണ്.പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിന്റെ മാസ്റ്റര്‍പീസ്.

ലണ്ടന്‍, മോസ്‌കോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സുപ്രധാന സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. . കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം തലവന്‍, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെംബര്‍ സെക്രട്ടറി-ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

നിരന്തരമായ നവീകരണം അനിവാര്യമാണെന്ന് തെളിയിച്ച എംജിഎസ്, സ്വന്തം ഗവേഷണ പ്രബന്ധത്തിന്റെ തലക്കെട്ട് വരെ മാറ്റി മാതൃക കാട്ടി.
തന്റെ ബോധ്യങ്ങള്‍ക്ക് ഒത്തുപോകാത്ത കാര്യങ്ങളോട് ശക്തമായി പ്രതികരിച്ചിരുന്നൂ എംജിഎസ്. കോഴിക്കോട് മലാപ്പറമ്പിലെ മൈത്രിയുടെ വാതിലുകള്‍ എല്ലാ കാലത്തും ഏത് അപരിചിതനേയും സ്വീകരിക്കുമായിരുന്നു. ഇത്ര ക്ഷമയോടെ മറ്റുള്ളവരെ കേള്‍ക്കുന്ന മറ്റൊരു അധ്യാപകന്‍ ഉണ്ടാകില്ല. അതിസങ്കീര്‍ണവും അതി സുന്ദരവുമായ ജീവിതത്തെ കറുപ്പിലോ വെളുപ്പിലോ അടയാളപ്പെടുത്താനാകില്ല എന്ന് പലപ്പോഴും പറയാറുള്ള എംജിഎസ് ചരിത്രത്തെ കെട്ടുകഥകളില്‍നിന്ന് മോചിപ്പിച്ച പണ്ഡിതനായാണ് ചരിത്രത്തില്‍ ഇടം പിടിക്കുന്നത്.

You cannot copy content of this page