Breaking News

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്‍കിയ 23 വർഷം പഴക്കമുളള മാനനഷ്ടക്കേസ്; മേധാ പട്കര്‍ അറസ്റ്റില്‍

Spread the love

സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഉച്ചയോടെ മേധാ പട്കറെ സാകേത് കോടതിയില്‍ ഹാജരാക്കും. 23 കൊല്ലം പഴക്കമുളള കേസാണിത്. ഈ കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.കേസില്‍ ഏപ്രില്‍ 23-ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേധാ പട്കര്‍ ഹാജരായില്ല. വിഡിയോ കോളിലൂടെയാണ് വാദം കേള്‍ക്കലിന് ഹാജരായത്. എന്നാല്‍ നേരിട്ട് കോടതിയില്‍ വരാതിരുന്നതും ശിക്ഷാനിയമങ്ങള്‍ പാലിക്കാതിരുന്നതുമായ നടപടി മനഃപൂർവം കോടതി നടപടികളില്‍ നിന്നുളള ഒഴിഞ്ഞുമാറ്റമായി തോന്നിയെന്ന് കോടതി വിമര്‍ശിച്ചു.

മുൻപ് തന്നെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ മേധാ പട്കറിന് മൂന്ന് മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രായവും ആരോഗ്യ നിലയും കണക്കിലെടുത്ത്, നഷ്ടപരിഹാരവും പ്രോബേഷൻ ബോണ്ടും സമർപ്പിച്ചാൽ മതിയെന്ന വ്യവസ്ഥയോടെയാണ് കോടതി പ്രോബേഷൻ അനുവദിച്ചത്. 2025 ഏപ്രില്‍ അഞ്ചിന് ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ കോടതി മേധാ പട്കറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇവ പാലിക്കുന്നതില്‍ അവര്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. മേധാ പട്കര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കോടതി പരിഗണിക്കുന്നതുവരെ ജയില്‍ശിക്ഷ 30 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കും.

2000-ല്‍ സക്‌സേന ഗുജറാത്തില്‍ ഒരു എന്‍ജിഒയ്ക്ക് നേതൃത്വം നല്‍കുന്ന സമയത്തെ കേസാണിത്. അന്ന് മേധാ പട്കര്‍ ഇറക്കിയ ഒരു വാര്‍ത്താക്കുറിപ്പില്‍ സക്‌സേന പേടിത്തൊണ്ടനാണെന്നും ഹവാല ഇടപാടുകള്‍ നടത്തുന്ന ആളാണെന്നും പറഞ്ഞിരുന്നു. നര്‍മ്മതാ ബചാവോ ആന്തോളനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മേധ പട്കര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഏപ്രില്‍ 8-ന് കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 10 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ബോണ്ട് അടയ്ക്കാത്ത പശ്ചാത്തലത്തിലാണ് മേധാ പട്കര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പുറപ്പെടുവിച്ചത്.

You cannot copy content of this page