Breaking News

വഖഫ് ബിൽ;സമഗ്രമായ പഠനത്തിനു ശേഷമുള്ള കൃത്യമായ നിലപാടുമായി ദേശീയതലത്തിൽ ശ്രദ്ധേയനായി ജോസ് കെ മാണി .

Spread the love

ന്യൂഡൽഹി : കേരളത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വഖഫ് ബില്ലുമായി ചേർത്തുവച്ചുള്ളതായിരുന്നു,പ്രത്യേകിച്ചും കേരള കോൺഗ്രസ് എം നിലപാട്.ജോസ് കെ മാണി ചർച്ചയിൽ പങ്കെടുത്ത് എന്തുപറയും എന്നുള്ളതും രാജ്യസഭയിൽ എന്ത് നിലപാട് എടുക്കുമെന്നതും കേരളം ശ്രദ്ധിച്ച പ്രധാന രാഷ്ട്രീയ വിഷയമായിരുന്നു.രാവിലെ മുതൽ ദൃശ്യമാധ്യമങ്ങൾ കേരള കോൺഗ്രസ് എം നിലപാട് ചർച്ചയാക്കി.ഉച്ചയ്ക്ക് ഒരു മണിയോടെ രാജ്യസഭയിൽ വഖഫ് ബിൽ അവതരിപ്പിച്ചപ്പോൾ ഇടത് വലത് ബിജെപി മുന്നണി വ്യത്യാസമില്ലാതെ കേരളത്തിൽ ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് ജോസ് കെ മാണിയുടെ പ്രസംഗമായിരുന്നു.
രാഷ്ട്രീയ ജീവിതത്തിലുടനീളം വിഷയങ്ങളുടെ മെറിറ്റ് പരിഗണിച്ച് നിലപാടുകൾ സ്വീകരിക്കുക.അതിൽ രാഷ്ട്രീയ ലാഭം ലവലേശം പ്രതീക്ഷിക്കാതിരിക്കുക.ആ നിലപാടുകളെ വ്യക്തിവിരോധത്തിന്റെയും കുശുമ്പിന്റെയും അസൂയയുടെയും അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തി ആക്ഷേപങ്ങളുമായി ജോസ് കെ മാണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി രംഗത്ത് വരുന്നവരുണ്ട്.അവരെക്കൊണ്ടുപോലും വരും ദിവസങ്ങളിൽ കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിപ്പിച്ചെടുക്കുക.കഴിഞ്ഞ കുറെ വർഷങ്ങളായി ജോസ് കെ മാണിയുടെ രാഷ്ട്രീയ കരിയർ ഈ ഗ്രാഫിലാണ് മുന്നോട്ടുപോകുന്നത്.അതിൻ്റെ തനിയാവർത്തനമാണ് ഇന്നലെ രാജ്യസഭയിലും പ്രതിഫലിച്ചത്.
ഉപരിപ്ലവമായ വികാരപ്രകടനങ്ങളല്ല,പൊതുസമൂഹത്തിനും രാജ്യത്തിനും ഗുണകരമാകുന്ന റിസൾട്ടുകൾ ആകണം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാടുകളായും സമീപനങ്ങളായും സ്വീകരിക്കേണ്ടത് എന്നതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു വഖഫ് ബിൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ടുള്ള ജോസ് കെ മാണിയുടെ വ്യക്തമായ വാക്കുകൾ.
ലോകത്തിലെ ഏറ്റവും മാതൃകാപരമായ ഭരണഘടനയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്.നിയമവ്യവസ്ഥയുടെ മഹത്വവും നീതിന്യായ നിർവഹണത്തിന്റെ സുതാര്യതയും ലോകത്തോട് വിളംബരം ചെയ്യുന്ന മാതൃകാപരമായ ഭരണഘടനയാണ് ഇന്ത്യയിൽ പുലരുന്നത്.ഈ ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത് ഒരു പൗരന് നീതിക്കുവേണ്ടി നിയമവ്യവസ്ഥയും കോടതികളെയും സമീപിക്കാൻ കഴിയില്ല എന്നൊരു സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അത് പൊളിച്ചടുക്കിയെ മതിയാകൂ.അതൊരു ജനാധിപത്യ വ്യവസ്ഥിതിക്ക് ഭൂഷണമല്ല.കാട്ടുനീതി പുലരുന്ന ഇടമാണ് ഭരണഘടന നിലനിൽക്കുന്ന ഈ രാജ്യം എന്ന അപഖ്യാതി നമ്മുടെ രാജ്യത്തിന്മേൽ വന്നു ഭവിക്കാൻ പാടില്ല.തന്റെ കൈവശം ഇരിക്കുന്ന ഭൂമിയിലോ സ്വത്തുവകകളിലോ വഖഫ് ബോർഡോ സമാന സ്വഭാവത്തിലുള്ള ഇതര സംവിധാനങ്ങളോ അവകാശവാദം ഉന്നയിച്ചാൽ അതിനെ നിയമപരമായി ചോദ്യം ചെയ്ത് കോടതികളെ സമീപിക്കാൻ വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ കഴിയില്ല എന്നത് ഇന്ത്യ പോലെ ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.ഈ ദുർസ്ഥിതിയെ മറികടക്കാൻ പാർലമെൻറിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തിൽ ചട്ടം ഉൾപ്പെടുത്തിയപ്പോൾ അതിനെ ജോസ് കെ മാണി സ്വാഗതം ചെയ്തത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അല്ല.മറിച്ച് ഇന്ത്യയിലെ കോടാനുകോടി വരുന്ന പൗരസമൂഹത്തിന് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി മാത്രമായിരുന്നു എന്നത് ചരിത്രത്തിൻ്റെ താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടാൻ പോകുന്ന കാരിരുമ്പിന്റെ കരുത്തുള്ള രാഷ്ട്രീയ നിലപാടാണ്.ഈ നിലപാടിനെ അസൂയയുടെയും കുശുമ്പിന്റെയും രാഷ്ട്രീയ വിദ്വേഷത്തിന്റെയും കണ്ണിലൂടെ മാത്രം വിലയിരുത്തി വിമർശിക്കുന്നവർക്കും നീതി ലഭ്യമാക്കിയ രാഷ്ട്രീയ തന്റേടത്തിന്റെ നിലപാടാണ് ജോസ് കെ മാണി രാജ്യസഭയിൽ പ്രതിഫലിപ്പിച്ചത്. വഖഫ് ഭേദഗതി ബില്ലിനെ നഖശിഖാന്തം എതിർക്കണമെന്ന ആഴ്ചകളായുള്ള സമ്മർദ്ദം ഇന്ത്യ മുന്നണി അടക്കം വിവിധ കോണുകളിൽ നിന്നും ഉയർന്നപ്പോഴും വിഷയത്തിന്റെ മെറിറ്റ് പരിഗണിച്ചാണ് പ്രതിപക്ഷത്തു നിന്നും ഒരു വേറിട്ട ശബ്ദമായി ജോസ് കെ മാണി നിലപാട് സ്വീകരിച്ചത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിൽ വഖഫ് ബോർഡിലേക്ക് ഇതര മതസ്ഥരെ തിരുകി കയറ്റാനുള്ള നിർദ്ദേശം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കൈകടത്തലാണെന്ന ജോസ് കെ മാണിയുടെ നിലപാട് പ്രഖ്യാപനം ഇന്ത്യയാകെ മാറ്റൊലിക്കൊണ്ട മതനിരപേക്ഷ ശബ്ദത്തിൻ്റെ പ്രകമ്പനമായിരുന്നു.ദേവസ്വം ബോർഡുകളിലേക്കും ക്രിസ്ത്യൻ മതസ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലകളിലേക്കും അന്യമതസ്ഥരെ തിരികി കയറ്റാനുള്ള ശ്രമങ്ങൾ നാളെകളിലുണ്ടാകും എന്നതിൻ്റെ തീപാറുന്ന മുന്നറിയിപ്പ് കൂടിയായിരുന്നു ജോസ് കെ മാണിയുടെ ആ ചൂണ്ടിക്കാട്ടൽ.മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിലേക്ക് കൈകടത്താനുള്ള ഭരണകൂട താൽപര്യങ്ങളുടെ ഗൂഢോദ്ദേശം രാജ്യത്തോട് പാർലമെൻ്റിൽ ഉറക്കെ വിളിച്ചു പറയാൻ ഇന്ത്യയിലെ ഒരു പ്രാദേശിക പാർട്ടിയുടെ നേതാവുണ്ടായി എന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം.
മുനമ്പം വിഷയത്തിൽ മുൻനിലപാടുകളുടെ ആവർത്തനമായിരുന്നു ഇന്നലെ ജോസ് കെ മാണിയുടെ വാക്കുകളായി രാജ്യസഭയിൽ മുഴങ്ങിയത്.KCBC യും CBCI യും ഉന്നയിച്ച ആശങ്കകൾക്കും നിലപാടുകൾക്കും ഒപ്പമാണ് കേരള കോൺഗ്രസ് എം എന്ന ആർജ്ജവത്തോടെയുള്ള പ്രഖ്യാപനം രാഷ്ട്രീയ എതിരാളികളുടെ പോലും കയ്യടി വാങ്ങി.വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം ഇല്ലെങ്കിൽ അതെങ്ങനെ മുനമ്പം നിവാസികൾക്ക് പ്രയോജനകരമാകുമെന്ന് ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി വ്യക്തമാക്കണമെന്ന ജോസ് കെ മാണിയുടെ ആവർത്തിച്ചുള്ള ആവശ്യം രാജ്യത്തിൻ്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുവാങ്ങി.വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം ഉണ്ടെങ്കിൽ മാത്രമേ മുനമ്പം നിവാസികൾക്ക് ഗുണകരമാകൂ എന്ന ജോസ് കെ മാണിയുടെ നിലപാടിന്റെ ആവർത്തനത്തിലൂടെ രാജ്യസഭയിൽ വെളിവായത് ഒരു രാഷ്ട്രീയ നേതാവിൻ്റെ വിഷയാധിഷ്ഠിത സത്യസന്ധത ആയിരുന്നു.
കെഎം മാണി എന്ന കേരളം കണ്ട രാഷ്ട്രീയ കുലപതി ചോരയും വിയർപ്പും നൽകി പടുത്തുയർത്തിയ കേരള കോൺഗ്രസ് എന്ന കർഷക രാഷ്ട്രീയധാരയെ നയിക്കേണ്ട രാഷ്ട്രീയ നേതൃത്വത്തിന്റെ നേരവകാശി താൻ മാത്രമാണെന്ന് രാഷ്ട്രീയ കേരളത്തെ ബോധ്യപ്പെടുത്തിയ പ്രതിഭയുടെ വിളയാട്ടമായിരുന്നു വഖഫ് നിയമ ഭേദഗതി ചർച്ചയിൽ പങ്കെടുത്ത ജോസ് കെ മാണിയിൽ കണ്ടത്.

You cannot copy content of this page