തിരുവനന്തപുരം: മേറും ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി തമ്പാനൂർ പോലീസ്. ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കെഎസ്ആർടിസി തിരുവനന്തപുരം ഡിപ്പോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. മെമ്മറി കാർഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.
സംഭവം നടന്നതിന് പിന്നാലെ മെമ്മറി കാർഡ് നീക്കം ചെയ്തു എന്നതാണ് പൊലീസിന്റെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ അത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് ആയിരിക്കാം എന്ന സംശയത്തിലാണ് തമ്പാനൂർ പൊലീസ്. ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലൂടെയും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെയും ഇതിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
