Breaking News

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം;അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Spread the love

തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും ഒരാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ഉത്തരവ്. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടത്.

 

മേയ് 9 ന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നേമം സ്വദേശി എൽ എച്ച് യദു സമർപ്പിച്ച പരാതിയിലാണ് നടപടി. ആര്യാ രാജേന്ദ്രൻ, ഡി എൻ സച്ചിൻ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് പരാതി. ഏപ്രിൽ 27 ന് കെഎസ്ആർടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. ഏപ്രിൽ 27 ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്.എച്ച്.ഒക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദുവിന്‍റെ പരാതിയില്‍ പറയുന്നു.

You cannot copy content of this page