Breaking News

കഴിഞ്ഞ വർഷം 61 ലക്ഷം നഷ്ടം, ഇക്കാലം അരക്കോടി ലാഭം; റെക്കോർഡ് ലാഭവുമയി KSRTC

Spread the love

കെ എസ് ആർ ടി സിക്ക് റെക്കോർഡ് ലാഭം. കഴിഞ്ഞ തിങ്കളാഴ്ചയിലെ സർവീസിനാണ് റെക്കോർഡ് ലാഭം ലഭിച്ചത്. അരക്കോടി ലാഭം നേടിയാണ് KSRTC ചരിത്രം സൃഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച 10.12 കോടി രൂപ വരുമാനം നേടി. ലോൺ തിരിച്ചടവും, മറ്റ് ചെലവുകൾക്കും ശേഷം 54.12 ലക്ഷം ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ ദിവസം 61 ലക്ഷം നഷ്ടമായിരുന്നു. യാത്രക്കാരുടെ എണ്ണവും കൂടിയെന്നും KSRTC അറിയിച്ചു.

അതേസമയം തകരാറുകൾ പരിഹരിക്കാത്ത ബസുകൾ നിരത്തുകളിൽ തുടർച്ചയായി അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിൽ വാഹനത്തകരാർ പരിഹാര രജിസ്റ്റർ കെ.എസ്.ആർ.ടി.സി. നിർബന്ധിതമാക്കുന്നു. സാങ്കേതികത്തകരാറുള്ള ബസുകൾ അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി.കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത നൂറുകണക്കിന് കെ.എസ്.ആർ.ടി.സി.ബസുകളാണ് നിരത്തുകളിൽ ഓടുന്നത്.

അന്തസ്സംസ്ഥാന സർവീസുകൾക്കുപോലും ഇത്തരം ബസുകൾ നൽകാറുണ്ട്. ഇവ അപകടത്തിൽപ്പെടുന്നത് പതിവാണ്. തകരാറിലായ ബസുകൾ ഓടിക്കാൻ നിർബന്ധിക്കുന്നത് ജീവനക്കാരും യൂണിറ്റ് അധികൃതരും തമ്മിലുള്ള തർക്കങ്ങൾക്കും വഴിവയ്ക്കുന്നു. തകരാറുകൾ എന്തെല്ലാമെന്ന് കൃത്യമായി വർക്‌ഷോപ്പ് അധികൃതരെ ധരിപ്പിച്ചാലും അവ പരിഹരിക്കാറില്ലെന്നാണ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പരാതി. ഇളകിവീഴുന്ന വാതിലുകളും തകരാറിലായ ബ്രേക്കും വൈപ്പറുമെല്ലാമായി ബസ് ഓടിക്കേണ്ടിവരുന്നതായി ഇവർ പറയുന്നു.

സ്പെയർ പാർട്സും, വർക്‌ഷോപ്പുകളിൽ വേണ്ടത്ര സൗകര്യങ്ങളും ജീവനക്കാരും ഇല്ലാത്തതാണ് അറ്റകുറ്റപ്പണികൾ കൃത്യമായി നിർവഹിക്കാൻ കഴിയാത്തതിനു കാരണമായി മെക്കാനിക്കൽ വിഭാഗം അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വേണ്ടവിധം അറ്റകുറ്റപ്പണി നടത്താനാകാത്തതുമൂലം പല ബസുകളും സർവീസിനിടെ വഴിയിലാകാറുണ്ട്. ഇത് വരുമാനനഷ്ടത്തിനും ഇടയാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് പുതിയ നടപടി.

You cannot copy content of this page