Breaking News

‘പുറത്തുവന്നത് രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ.പിയുടെ ആത്മകഥ, തിരക്കഥ എഴുതിയത് ഷാഫിയും സതീശനും’; പി സരിൻ

Spread the love

രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ. പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ. തിരക്കഥ എഴുതിയത് ഷാഫി പറമ്പിലാണെന്നും വി ഡി സതീശൻ കൂടെ നിന്നുവെന്ന് പി സരിൻ ആരോപിച്ചു. പോളിംഗിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണ് ഇ പി ജയരാജന്റെ ആത്മകഥ. ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണ് പിന്നിൽ. പക്ഷെ പാലക്കാട്ടെ വോട്ടർമാരെ ഇതൊന്നും ബാധിക്കില്ലെന്ന് പി സരിൻ പ്രതികരിച്ചു.

വിഡി സതീശന് പാലക്കാടിന്റെ രാഷ്ട്രീയം അറിയില്ല. വി.ഡി സതീശൻ ഭൂരിപക്ഷം വായുവിൽ കൂട്ടുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വി ഡി സതീശന്റെ വിടവാങ്ങൽ പ്രതീക്ഷിക്കാം. 15,000 മുകളിൽ വോട്ടുകൾക്ക് എൽഡിഎഫ് വിജയിക്കും. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോകുമെന്നും പി സരിൻ പറഞ്ഞു.അതേസമയം വിവാദങ്ങള്‍ക്കിടെ സരിനായി വോട്ട് തേടാൻ ഇ പി ജയരാജന്‍ പാലക്കാടേക്ക് പുറപ്പെട്ടു. ആരെന്ത് ശ്രമിച്ചാലും സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല, എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ഇ പി ജയരാജന്‍ സംസാരിക്കും. വൈകീട്ട് 5 മണിക്കാണ് പൊതുസമ്മേളനം. സ്റ്റേഡിയം ഗൗണ്ടിനോട് ചേര്‍ന്നുള്ള പൊതു വേദിയിലാണ് പരിപാടി. ഇപിയുടെ ആത്മകഥയില്‍ സ്വാതന്ത്ര സ്ഥാനാര്‍ഥി ഡോ പി സരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ഡിജിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പാലക്കാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷയില്‍ ആയിരുന്നു സരിന്‍. അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധിയാണ്. പി വി അന്‍വര്‍ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാന്‍. സമാനമായി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്ന് ഇപി ജയരാജന്‍ പറയുന്നു.

You cannot copy content of this page