Breaking News

ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കല്‍ 10ന്

Spread the love

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ ഇന്ന് അവസാന പ്രവര്‍ത്തി ദിവസം. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ. ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. സുപ്രീംകോടതിയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡോ. ഡിവൈ ചന്ദ്രചൂഡ്. നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഡി വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവര്‍ത്തിദിനം. എന്നാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായ സാഹചര്യത്തിലാണ് ഡി വൈ ചന്ദ്രചൂഡിന് കോടതി മുറിയില്‍ ഇന്ന് അവസാന പ്രവര്‍ത്തിദിനമാകുന്നത്. ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡി വൈ ചന്ദ്രചൂഡിന്റെ വിധികളിലേറെയും. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവര്‍ഗ്ഗ വിവാഹം, ബാബറി മസ്ജിദ് കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് തുടങ്ങിയ നിരവധി പ്രമുഖ വിധിന്യായങ്ങള്‍ ഡിവൈ ചന്ദ്രചൂഡിന്റേതായുണ്ട്.

കൊവിഡ് കാലത്ത് വാക്സിന്‍ സൗജന്യമാക്കാനായി കേന്ദ്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പരാമര്‍ശങ്ങളും പ്രധാനമാണ്. ഡിവൈ ചന്ദ്രചൂഡിന്റെ പിതാവ് വൈ വി ചന്ദ്രചൂഡും സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു. ഡിവൈ ചന്ദ്രചൂഡിന് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ അന്‍പത്തി ഒന്നാമത് ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുപ്രധാനമായ നാല് കേസുകളിലാണ് ഡി വൈ ചന്ദ്രചൂഡ് അവസാനമായി വിധി പറയുക. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി, 2004ലെ ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ടിന്‌റെ സാധുത, സമ്പത്ത് പുനര്‍വിതരണ പ്രശ്‌നം, ജെറ്റ് എയര്‍വെയ്‌സിന്‌റെ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കം എന്നിവയാണ് അദ്ദേഹത്തിന്‌റെ നേതൃത്വത്തിലുള്ള ബെഞ്ചുകള്‍ അവസാന ആഴ്ച വിധി പറയാന്‍ പോകുന്ന കേസുകള്‍.

You cannot copy content of this page