Breaking News

സമീപവാസിയുടെ പരാതിയിൽ പഞ്ചായത്തിൽ നിന്നും പരിശോധനക്കെത്തി; വാടകക്ക് നൽകിയ വീടിന്റെ ടെറസിൽ ചാക്കുകളിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. അപ്രതീക്ഷിതമായി ഇവിടെ എത്തിയ പഞ്ചായത്ത് ജീവനക്കാരാണ് രണ്ടു കഞ്ചാവു ചെടികൾ ടെറസിൽ ചാക്കുകളിൽ നട്ടു വളർത്തിയ നിലയിൽ ഇവിടെ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ അവർ വിവരം പോലീസിൽ അറിയിച്ചു.

പോത്തൻകോട് ഇടത്താട്ട് പതിപ്പള്ളിക്കോണം സോഫിയാ ഹൗസ് എന്ന വീട്ടിൽ ഇപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഈ വീട്ടിൽ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകിയതിനെ തുടർന്ന് സമീപവാസി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇത് പരിശോധിക്കാനാണ് പഞ്ചായത്തിൽ നിന്നുള്ള രണ്ട് ജീവനക്കാർ വീട്ടിലെത്തിയത്. അപ്പോഴാണ് ടെറസിൽ രണ്ടു ചാക്കുകളിലായി കഞ്ചാവ് ചെടികൾ ഇവർ കണ്ടെത്തുന്നത്.

തുടർന്ന് പഞ്ചായത്ത് ജീവനക്കാർ പോത്തൻകോട് പോലീസിൽ വിവരമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കഞ്ചാവ് ചെടികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.

You cannot copy content of this page