ശബരിമല ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ ഇല്ലാതെ വരുന്ന തീര്‍ത്ഥാടകരെയും കടത്തി വിടുമെന്ന് മുഖ്യമന്ത്രി. സ്‌പോട്ട് ബുക്കിംഗ് എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് വി. ജോയി എം എല്‍ എ ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. ഒരേ വിഷയത്തില്‍ വീണ്ടും സബ്മിഷന്‍ കൊണ്ടുവന്നത് ചട്ട ലംഘനമാണെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണ പ്രതിപക്ഷ ഭാഗത്ത് നിന്ന് ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നതോടെയാണ് വിവാദം ശമിപ്പിക്കാന്‍ ഭരണപക്ഷം തന്നെ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്. സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവും എന്ന് മുഖ്യമന്ത്രിയുടെ പരോക്ഷമായി പറഞ്ഞു.
നടപ്പ് സമ്മേനത്തില്‍ അവതരിപ്പിച്ച സബ്മിഷന്‍ വീണ്ടും കൊണ്ടുവന്നതിലെ ക്രമപ്രശ്‌നം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന സ്പീക്കറുടെ റൂളിങ്ങോടെയാണ് വി. ജോയി സബ്മിഷന്‍ ഉന്നയിച്ചത്. താന്‍ സബ്മിഷന്‍ അവതരിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ ബലം പിടിച്ചുനിന്നു എന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. അതേ സമയം ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ വരുന്നവരെ ഏത് രീതിയിലായിരിക്കും ശബരിമലയിലേക്ക് കടത്തിവിടുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. ഇനി ചേരാന്‍ പോകുന്ന അവലോകന യോഗങ്ങളില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം.