Breaking News

കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

Spread the love

കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു. 54 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ വിലാപയാത്രയായി ജന്മദേശമായ കണ്ണൂര്‍ ചൊക്ലിയിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്‌കാരം. സിപിഐ എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പൊലീസ് വെടിവയ്പ്പില്‍ 5 ഡിവൈഎഫ്‌ഐക്കാര്‍ മരണമടഞ്ഞപ്പോള്‍, വെടിയേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ ശയ്യയില്‍ ആയതാണ് പുഷ്പന്‍. അന്നത്തെ വെടിവെപ്പില്‍ പുഷ്പന്റെ സുഷുമ്‌നനാഡിയാണ് തകര്‍ന്നത്, ഇരുപത്തിനാലാം വയസില്‍. കൂട്ടത്തിലുള്ള സഖാക്കള്‍ വെടിയേറ്റു വീഴുന്നതിന് സാക്ഷിയായിട്ടും ധൈര്യപൂര്‍വം നിറതോക്കുകള്‍ക്കിടയിലേക്കിറങ്ങിയ പുഷ്പന്‍ ഒരു കാലഘട്ടത്തിന്റെ സമരാവേശമായിരുന്നു.

നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ച പുഷ്പന്‍ ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. വീട്ടിലെ പ്രാരാബ്ദം കാരണം പഠനം ഉപേക്ഷിച്ച് ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. കൂത്തുപറമ്പിലെ സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനാണ് എം വി രാഘവന്‍ എത്തിയത്. സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുന്ന കാലം. മുന്‍കൂട്ടി പ്രഖ്യാപിച്ച് കരിങ്കൊടി പ്രതിഷേധത്തിന് ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്നു. അതില്‍ പുഷ്പനുമുണ്ടായിരുന്നു. ബെംഗളൂരുവില്‍നിന്ന് നാട്ടില്‍ അവധിക്ക് എത്തിയതായിരുന്നു പുഷ്പന്‍. എം വി രാഘവന്‍ എത്തിയതോടെ പ്രതിഷേധം ശക്തമായി. പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങിയതിനു പിന്നാലെ പ്രവര്‍ത്തകര്‍ കല്ലേറ് തുടങ്ങി. ഇതോടെ വെടിവെപ്പുമുണ്ടായി. കെ കെ രാജീവന്‍, കെ വി റോഷന്‍, കെ മധു, സി ബാബു, ഷിബുലാല്‍ എന്നിവര്‍ വെടിയേറ്റു വീണു. തലയ്ക്ക് പിന്നില്‍ വെടിയേറ്റ പുഷ്പന്‍ പിന്നീട് എഴുന്നേറ്റ് നടന്നില്ല. പാര്‍ട്ടിയുടെ തണലിലായിരുന്നു പിന്നീടുള്ള പുഷ്പന്റെ ജീവിതം.

You cannot copy content of this page