Breaking News

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പ്ലസ് ടു വിദ്യാര്‍ത്ഥി ചികിത്സയില്‍

Spread the love

തിരുവനന്തപുരം: തിരുവനന്തപുത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്രാട ദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. കുട്ടിക്കൊപ്പം കുളത്തില്‍ കുളിച്ച രണ്ട് സുഹൃത്തുക്കള്‍ നിരീക്ഷണത്തിലാണ്.

സെപ്റ്റംബര്‍ തുടക്കത്തില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തോളം പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുകയും മില്‍ട്ടിഫോസില്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തതോടെയാണ് രോഗമുക്തി സാധ്യമായത്.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളില്‍ നിന്ന് ശരീരത്തില്‍ കടക്കുന്ന നെഗ്ലേറിയ ഫൗലോമി എന്ന അമീബയാണ് രോഗത്തിന് കാരണമാകുന്നത്. കുളത്തില്‍ കുളിക്കുമ്പോഴും മറ്റും മൂക്കിലെ കട്ടികുറഞ്ഞ തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അമീബ പതിയെ തലച്ചോറിനെ ബാധിക്കുന്ന ജ്വരമായി മാറുന്നു. മരണസാധ്യത ഏറെയുള്ള രോഗാവസ്ഥയാണിത്. കൃത്യമായ ചികിത്സ നല്‍കിയാല്‍ രോഗിയെ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കാം.

You cannot copy content of this page