Breaking News

സങ്കടക്കയം കടന്ന് കുരുന്നുകൾ; വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾ മേപ്പാടിയിൽ തുറന്നു

Spread the love

ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച വെള്ളാർമല സ്കൂളിലേയും മുണ്ടക്കൈ ജി എൽ പി എസിലെയും വിദ്യാർത്ഥികൾക്ക് പുന: പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിച്ചു. വെള്ളാർമല സ്കൂൾ മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലേക്കും മുണ്ടക്കൈ സ്കൂൾ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. നീറുന്ന ഓർമ്മകൾ താണ്ടിയെത്തിയ വിദ്യാർത്ഥികളെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ വരവേറ്റു.

ഉരുൾ ബാക്കിയാക്കിയ നോവുകളെല്ലാം പിഞ്ചുമനസ്സുകളിൽ ഉണ്ടെങ്കിലും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ആദ്യപാഠത്തിലേക്ക് അവർ ഇന്ന് കാലെടുത്തു വെച്ചു. പാഠം ഒന്ന് അതിജീവനം. ചൂരൽ മലയിൽ നിന്ന് സ്കൂളിലേക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര. ദിവസങ്ങൾക്ക് ശേഷം പരസ്പരം കണ്ടതിന്റെ സന്തോഷവും കളിയും ചിരിയും ബസ്സിൽ നിറഞ്ഞു

ബസിറങ്ങിയ വിദ്യാർഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിദ്യാഭ്യാസ മന്ത്രിയുൾപ്പടെ യുള്ളവർ വരവേറ്റു. വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകുമെന്നും ക്ലാസുകൾ നഷ്ടമായതിൻ്റെ പഠന വിടവ് നികത്തുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ വി ശിവൻകുട്ടി പറഞ്ഞു.

വെള്ളാർമല സ്കൂളിൻറെ തകരാത്ത കെട്ടിടം ദുരന്തത്തിന്റെ സ്മാരകമായി നിലനിർത്തും – മന്ത്രി പ്രഖ്യാപിച്ചു. 36 വിദ്യാർത്ഥികളുടെ ജീവനാണ് ഉരുൾപൊട്ടൽ കവർന്നിരുന്നത്. 17 പേർ ഇപ്പോഴും കാണാമറയത്ത് ‘ .ദുരന്തത്തിൽ നഷ്ടമായ 135 എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാഗ്, ടെക്സ്റ്റ് പുസ്തകം, നോട്ടുകൾ തുടങ്ങി വെള്ളക്കുപ്പി വരെ ക്ലാസ്സുകളിൽ സജ്ജീകരിച്ചിരുന്നു.

You cannot copy content of this page