Breaking News

വയനാടിനായി 5.25 കോടി രൂപ നൽകി കേരള ബാങ്ക് ജീവനക്കാർ

Spread the love

വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്കിലെ ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ ‍അഞ്ചു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനമെടുക്കുകയും ജീവനക്കാരുടെ സംഘടനകൾ ഈ തീരുമാനത്തെ പിന്തുണയും ചെയ്തതിനെ തുടർന്നാണ് ചെക്ക് കൈമാറിയത്.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജൂലായ് 30ന് തന്നെ നൽകിയിരുന്നു. ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു.

സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ (KBEF) പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, KBEF ജനറൽ സെക്രട്ടറി കെ.ടി. അനിൽകുമാർ, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എസ്. ശ്യാംകുമാർ എന്നിവരും സന്നിഹിതരായിരുന്നു.

You cannot copy content of this page