കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് അവയവക്കച്ചവട റാക്കറ്റ് സജീവമാകുന്നെന്ന് റിപ്പോർട്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾ വൃക്കദാനത്തിന് മുന്നോടിയായി സാക്ഷ്യപത്രം തേടി തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തൃശ്ശൂരിന്റെ തീരദേശത്തെ ഒരു ഗ്രാമ പഞ്ചായത്തിൽ മാത്രം കഴിഞ്ഞ ഏഴുമാസത്തിനിടെ ഏഴു സ്ത്രീകളാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ സാക്ഷ്യപത്രത്തിനായി എത്തിയതത്രെ. ഏഴുപേരും വൃക്ക ദാനം ചെയ്യാനായാണ് സന്നദ്ധരായത്.
എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിലെ തീരദേശവാർഡുകളിലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾ വൃക്കദാനത്തിന് സന്നദ്ധരാകുന്നത്. അപേക്ഷകരെല്ലാം 35-40 നും മധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകളാണ്.
ആശുപത്രിയിൽ നൽകാനാണ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാക്ഷ്യപത്രം. വൃക്കരോഗബാധിതരായ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പ്രതിഫലം വാങ്ങാതെ സ്വമേധയാ ആണ് ദാതാക്കൾ വൃക്ക നൽകുന്നതെന്നാണ് പ്രസിഡന്റുമാർ സാക്ഷ്യപ്പെടുത്തേണ്ടത്. ഇത് കിട്ടിക്കഴിഞ്ഞാൽ ഇടനിലക്കാർ ഇടപെട്ട് മറ്റ് രേഖകൾ സംഘടിപ്പിക്കുമെന്ന് പൊതുപ്രവർത്തകർ പറയുന്നു.
2020-ൽ കൊടുങ്ങല്ലൂരിലെ അഴീക്കോട്, പുല്ലൂറ്റ്, എറിയാട് വില്ലേജുകളിൽ വൃക്ക കച്ചവടം നടന്നിരുന്നു. 25 പേരാണ് എറണാകുളം കേന്ദ്രീകരിച്ചുള്ള അവയവ കച്ചവടസംഘത്തിനുവേണ്ടി വൃക്കവിറ്റത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വൃക്ക നൽകുന്നവർക്ക് മൂന്നോ നാലോ ലക്ഷംരൂപ നൽകുകയും വൃക്ക സ്വീകരിക്കുന്നവരിൽനിന്ന് 25 ലക്ഷത്തോളംരൂപ കൈപ്പറ്റുകയുമാണ് കച്ചവടസംഘത്തിന്റെ രീതി.