പത്തനംതിട്ട: തിരുവല്ല വെങ്ങലിൽ പള്ളിക്കടുത്ത് ദമ്പതികൾ കാറിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ മരണകാരണം സംബന്ധിച്ച നിർണായക സംഭവം പുറത്ത്. ഏകമകന്റെ ലഹരി ഉപയോഗിച്ച ശേഷമുള്ള പീഡനത്തിൽ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പോലീസിന് കിട്ടി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് കഴിഞ്ഞ ദിവസം കാറിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.
മയക്കുമരുന്നിന് അടിമപ്പെട്ട മകൻ ജോർജി തോമസിന്റെ മാനസിക പീഡനത്തെ തുടർന്നാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. ജോർജി മയക്കുമരുന്നിന് അടിമയായതോടെ ഭാര്യയും മകനും ഭാര്യാഗൃഹത്തിലേക്ക് പോയി. പിന്നാലെ സ്വത്തുക്കൾ രാജു ജോർജിയുടെ മകന്റെയും ഭാര്യയുടെയും പേരിൽ എഴുതിവച്ചിരുന്നു. ഇതേച്ചൊല്ലി എപ്പോഴും തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജോർജി ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ്. വര്‍ഷങ്ങളായി വിദേശത്തു ജോലി ചെയ്തിരുന്ന രാജുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യതകൾ ഇല്ലെന്നാണ് വാർഡ് കൗൺസിലർ പറയുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവല്ല വേങ്ങലിൽ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാർ കണ്ടെത്തിയത്. പെട്രോളിങ്ങിനിടെ പൊലീസുകാരാണ് കാർ കത്തുന്നത് കണ്ടത്. തുടർന്ന് പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.